കണ്ണൂർ:-പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഒക്ടോബര്‍ 30,31 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ എന്‍ ആര് ഐ സമ്മിറ്റില്‍ 200 പ്രവാസി നിക്ഷേപകര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മിറ്റ് സംഘാടക സമതി രൂപീകരണ യോഗം കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട രീതിയുള്ള ആധുനികവത്കരണമാണ് പുതുതലമുറ ആഗ്രഹിക്കുന്നതെന്നും ആ രീതിയിലേക്ക് വളരാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ (രക്ഷാധികാരികള്‍), പി പി ദിവ്യ (ചെയര്‍പേഴ്ണണ്‍), എ എസ് ഷിറാസ് (ജനറല്‍ കണ്‍വീനര്‍) തുടങ്ങിയവരെ ഭാരവാഹികളാക്കിയാണ് സംഘാടക സമിതിയും സബ്കമ്മിറ്റികളും രൂപീകരിച്ചത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് പദ്ധതി വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കണ്ണൂരിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ താല്പര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകരാണ് പങ്കെടുക്കുക. ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്നോളജി, വിദ്യാഭ്യാസം, റീട്ടെയില്‍, കയറ്റുമതി, സേവന മേഖലകള്‍, മറ്റു വ്യാപാര ശൃംഖലകള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മിറ്റില്‍ നടക്കും. പുതിയ കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സര്‍ക്കാര്‍ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനല്‍ ഉള്‍പ്പെടുന്ന സെഷനുകളും ഉണ്ടായിരിക്കും. പ്രവാസി സംരംഭകര്‍ക്ക് അവരുടെ സ്വപ്ന പദ്ധതികള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. ആശയ രൂപീകരണം തൊട്ട്, പദ്ധതി പൂര്‍ത്തീകരിച്ച് വിജയത്തിലെത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സര്‍ക്കാരും ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായ കേന്ദ്രവും പ്രവാസി നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്ന കൃത്യമായ സന്ദേശം നല്കാന് നിക്ഷേപക സംഗമം വഴി സാധിക്കും. 50 ബിസിനസ് ആശയങ്ങളും 50 നൂതന ഉല്‍പ്പന്നങ്ങളും സംഗമത്തില്‍ പരിചയപ്പെടുത്തും.
കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന സംഗമത്തില്‍ വ്യാവസായ വകുപ്പ് മന്ത്രി പി രാജീവ്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി വി രവീന്ദ്രകുമാര്‍ പാനല്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി സരള, യു പി ശോഭ, സെക്രട്ടറി അബ്ദുള്‍ ലത്തീഫ്, ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി കെ രമേശ്, വെയ്ക്ക് ഭാരവാഹി സി കെ രജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു