ദിർഹം വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 3 പേർ കൂടി അറസ്റ്റിൽ


കാട്ടാമ്പള്ളി :- യു.എ.ഇ ദിർഹം മാറ്റിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരു അഹമ്മദാബാദ് സ്വദേശിയും രണ്ട് പശ്ചിമബംഗാൾ സ്വദേശികളും കൂടി അറസ്റ്റിലായി. അഹമ്മദാബാദിലെ സുബാഹ് ഖാൻ (30), പശ്ചിമബാംഗാളിലെ അസാനൂർ റഹ്മാൻ (29), ബാദ്ഷാ ഷെയ്ക്ക് (34) എന്നിവരെയാണ് വളപട്ടണം ഇൻസ്പക്ടർ എം.ടി ജേക്കബിന്റെ നിർദേശപ്രകാരം എസ്.ഐ പി.ഉണ്ണികൃഷ്ണൻ, എ.എസ്.ഐമാരായ പി.ഷാജി, കമറുദ്ദീൻ എന്നിവർ ചേർന്ന് ചെർപ്പുളശ്ശേരിയിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

UAE ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി പകരം കടലാസ് കെട്ടുകൾ നോട്ട് രൂപത്തിൽ സഞ്ചിയിലാക്കി കെട്ടി നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പണം നൽകിയവർ കെട്ട് തുറക്കുന്നതിനിടയിൽ സ്ഥലത്തു നിന്നു വിദഗ്ധമായി കടന്നുകളയുകയാണ് ഇവരുടെ രീതി. യഥാർത്ഥ ദിർഹം ആദ്യം നൽകി ആളുകളു ടെ വിശ്വാസം നേടിയതിനു ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തി ഒരു കോടി രൂപയോളം പ്രതികൾ അപഹരിച്ചതായി വ്യക്തമായിട്ടുണ്ടന്നും പോലീസ് പറഞ്ഞു. ദിർഹം തരാമെന്ന് പറഞ്ഞ് കാട്ടാമ്പള്ളിയിലെ വ്യാപാരിയിൽ നിന്ന് സംഘത്തിലെ കണ്ണിയായിരുന്ന ബംഗാൾ സ്വദേശി ആഷിഖ് ഖാൻ 7 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. സെപ്റ്റംബർ 14ന് ആഷിഖ് ഖാനെ ഷൊർണൂരിൽനിന്നു വളപട്ടണം പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സൂചന ലഭിച്ചത്. ആദ്യ പ്രതി അറസ്റ്റിലായതറിഞ്ഞ് ഒട്ടേറെ പേർ പരാതിയുമായി എത്തിയിരുന്നു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു വ്യക്തമായതോടെ കണ്ണൂർ എ.സി.പി ടി.കെ.രത്നകുമാറിന്റെ നേതൃത്വ ത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. പിടിയിലായ ആഷിഖ് ഖാനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എസ്ഐ പി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മറ്റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, യുഎഇ ദിർഹം എന്നിവ പിടിച്ചെടുത്തു.പ്രതികളെ റിമാന്റ് ചെയ്തു.

Previous Post Next Post