കാട്ടാമ്പള്ളി ഉൾപ്പടെ സംസ്ഥാനത്തെ ഏഴ് തണ്ണീർത്തടങ്ങൾ റാംസർ പദവിയിലേക്ക്


കാട്ടാമ്പള്ളി :- പരിസ്ഥിതി പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾക്ക് പ്രത്യേക സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനായി ഏഴ് തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലെത്തും. കണ്ണൂർ ജില്ലയിലെ കാട്ടാമ്പള്ളി, വളപട്ടണം, കുപ്പം, കോഴിക്കോട്ടെ കോട്ടൂളി, തിരുവനന്തപുരത്തെ ആക്കുളം, വേളി, വെള്ളായണി എന്നീ തണ്ണീർത്തടങ്ങളാണ് റാംസർ പട്ടികയിലേക്ക് പരിഗണിക്കുന്നത്.

സംസ്ഥാന തണ്ണീർത്തട സാങ്കേതിക സമിതി ശുപാർശയ്ക്ക് അന്തിമരൂപം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ കൈമാറും. തുടർന്ന് കേന്ദ്ര റാംസർ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിക്ക് കൈമാറും. റാംസർ സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെ റാംസർ പദവി പ്രഖ്യാപിക്കും. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. പാരിസ്ഥിതിക പ്രാധാന്യം, ജൈവവൈവിധ്യം, വെള്ളത്തിന്റെ ഗുണനിലവാരം, പാരിസ്ഥിതിക ഭീഷണിയുടെ ഘടന തുടങ്ങി സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദവി നൽകുക. മൂന്നുവർ ഷം സമഗ്രമായ പഠനം നടത്തിയാണ് തണ്ണീർത്തടങ്ങളെ ശുപാർശ ചെയ്യുന്നത്.

1971-ൽ ഇറാനിലെ റാംസറിൽ ചേർന്ന അന്താരാഷ്ട്ര ഉച്ചകോടിയിലാണ് തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് പദ്ധതിക്ക് തുടക്കംകുറിച്ചത്. ആദ്യ സമ്മേളനത്തിന്റെ സ്മരണയ്ക്കായിട്ടാണ് റാംസർ പദവി എന്ന പേര് നൽകിയത്. ലോകത്തെ 172 രാജ്യങ്ങൾ പദ്ധതിയിൽ അംഗങ്ങളാണ്. കേരളത്തിലെ അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നിവ 2002 മുതൽ പട്ടികയിലുണ്ട്.

Previous Post Next Post