കണ്ണൂർ :- ഇന്ധനം നിറയ്ക്കാനായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർലോറി കണ്ണൂരിൽ നിയന്ത്രണം വിട്ട് ക്ഷേത്രകവാടത്തിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ടാങ്കറിൽ ഇന്ധനം ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ബുധനാഴ്ച പുലർച്ചെ 5.30-ഓടെയാണ് സംഭവം. തെക്കീബസാറിലെ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിനു മുന്നിലുള്ള കവാടത്തിലേക്ക് നിയന്ത്രണം വിട്ട എൽ.പി.ജി ടാങ്കർ ലോറി ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രകവാടത്തിലെ ദേവതമാരുടെ പ്രതിമകളും നവരാത്രി അലങ്കാരങ്ങളും ഉൾപ്പെടെ തകർന്നു.
മംഗളൂരുവിലേക്ക് ദേശീയപാത വഴി പോകേണ്ട ടാങ്കർലോറി ദിശമാറി സബ് ജയിലിന് മുന്നിലെ റോഡിൽ എത്തിയതായിരുന്നു. നവരാത്രി ആഘോഷത്തിനായി ഒരുക്കിയ വൈദ്യുതാലങ്കാരങ്ങൾ ഉൾപ്പെടെ തകർത്ത് മുന്നോട്ടുനീങ്ങിയ ലോറി സ്റ്റേജിന് മുൻവശത്തായി എത്തിനിന്നു.
വൈദ്യുതകേബിളിൽ ലോറിയുടെ വാതിൽ കുടുങ്ങിയതിനെ തുടർന്ന് ക്ഷേത്രകവാടത്തിലെ പ്രതിമകൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതകേബിളുകൾ ടാങ്കറിൽ തട്ടി തീപ്പൊരി ഉണ്ടായതായി ക്ഷേത്രത്തിലുണ്ടായിരുന്നവർ പറഞ്ഞു.നവരാത്രി ആഘോഷത്തി ന്റെ ഭാഗമായി രഥഘോഷയാത്രയുടെ സമാപനം കഴിഞ്ഞ് പുലർച്ചെ നാലുവരെ ഭക്തജനങ്ങൾ ക്ഷേത്രത്തിലുണ്ടായിരുന്നു. ടൗൺ പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു.