ഉത്തരമലബാറിൽ ഇനി തെയ്യക്കാലം ; തെയ്യക്കാവുകളെ ഉണർത്തിക്കൊണ്ട് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം ഇന്നും നാളെയും


കൊളച്ചേരി :- ഉത്തരമലബാറിൽ തെയ്യക്കാവുകൾ ഉണരുന്നു. അങ്ങനെ കുരുത്തോലയും ചൂട്ടുകറ്റയും ചെണ്ടയും ചിലമ്പും തോറ്റം പാട്ടുമായി തെയ്യക്കാലത്തിനു തുടക്കം കുറിക്കുകയായി. തുലാം പത്തിന് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ നടക്കുന്ന പുത്തരി അടിയന്തിരത്തോടെയാണ് കളിയാട്ടക്കാലത്തിന് തുടക്കമാവുന്നത്. ഒക്ടോബർ 26, 27 (വ്യാഴം,വെള്ളി)  തീയ്യതികളിലാണ് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തിരം.

രാവിലെ 10 മണിക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ. തുടർന്ന് പാലും അരിയും നിവേദ്യം വെക്കൽ. വൈകീട്ട് 5 മണിക്ക് ഇളംകോലം. രാത്രി ഒൻപതിന് ഗുളികൻ വെള്ളാട്ടം. 10-ന് എള്ളെടുത്ത് ഭഗവതിയുടെ കലശം. ഒക്ടോബർ 27-ന് പുലർച്ചെ നാലിന് ഗുളികൻതിറ. അഞ്ചിന് വിഷകണ്ഠൻ തെയ്യം പുറപ്പെടൽ. തുടർന്ന് ദൈവത്തെ എതിരേൽക്കലും ചൊല്ലുവിളിയും. രാവിലെ 10-ന് കരുമാരത്തില്ലത്തേക്ക് എഴുന്നള്ളത്ത്. 11-ന് എള്ളെടുത്ത് ഭഗവതി. ഉച്ചയ്ക്ക് ഒന്നിന് വലിയ തമ്പുരാട്ടിയും വഴിപാട് നിവേദ്യവും. രണ്ടിന് ആറാടിക്കൽ. രാത്രി ഏഴിന് ബലികർമം. എട്ടിന് കഴകപ്പുരയിൽ നിവേദ്യം സമർപ്പണം എന്നിവ നടക്കും.

പത്താമുദയത്തോടെ കടുത്ത വർണങ്ങളിൽ തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്ന, ഉത്തരമലബാറിലെ തെയ്യക്കാലത്തിന് തുടക്കമാകുകയാണ്. തുലാം പത്തിനാണ് പത്താമുദയം. സൂര്യൻ ഏറ്റവും ബലവാനായി ഉദിച്ചു വരുന്ന ദിവസം. പത്താമുദയത്തിൽ ഉദിച്ചുയരുന്ന സൂര്യനെ, മുറ്റത്ത് നിറദീപമൊരുക്കി സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ഉദിച്ചുയർന്ന പത്താമുദയത്തെ അരിയിട്ടെതിരേറ്റ് നിലവിളക്കിലൂടെ വീടിനകത്തേക്ക് ആനയിക്കുന്നുവെന്നായിരുന്നു സങ്കല്പം. ഇന്നും ചില വീടുകളിൽ ഈ ചടങ്ങ് അപൂർവമായി കാണാം. കാറുമൂടാത്ത പത്താമുദയം നാടിന് സമ്പൽസമൃദ്ധി സമ്മാനിക്കുമെന്നായിരുന്നു പഴയ തലമുറയുടെ വിശ്വാസം.

കന്നിക്കൊയ്ത്തിനു ശേഷമുള്ള കാർഷിക വൃത്തിക്കു തുടക്കമിടുന്ന ദിവസമായിരുന്നു തുലാപ്പത്ത്, മുഹൂർത്തം നോക്കാതെ തുലാപ്പത്തിന് ഏതു പ്രവൃത്തിയും തുടങ്ങാമെന്നാണു പഴമക്കാരുടെ വിശ്വാസം. കാർഷിക സംസ്കൃതിയുടെ ഭാഗമായി പല നാടൻ കലകളുടെയും അരങ്ങേറ്റം നടന്നതും പത്താമുദയത്തോടെയായിരുന്നു. പഴയ കാലത്ത് നഞ്ചിട്ട് മീൻ പിടിക്കാനും നായാട്ട് നടത്താനും തുലാപ്പത്തിന്റെ മുഹൂർത്തമായിരുന്നു പഴമക്കാർ എടുത്തിരുന്നത്.അതെല്ലാം ഇന്ന് ഓർമകളായി. വടക്കൻ കേരളം പത്താമുദയത്തെ വരവേൽക്കുന്നതു തെയ്യാട്ടക്കാലത്തെ മുന്നിൽ കണ്ടാണ്. കന്നിക്കൊയ്ത്തു കാലത്തു തുടങ്ങി ഇടവപ്പാതിയിലെ ഒന്നാം വിളവിതയുടെ കാലത്ത് അവസാനിക്കുന്നതാണ് ഉത്തരമലബാറിലെ തെയ്യക്കാലം. കാർഷികവൃത്തി നഷ്ടമായെങ്കിലും തുലാപ്പത്തിനു കാലിച്ചാൻ തെയ്യത്തിന്റെ വരവോടെയാണു നാടുണരുന്നത്. കന്നുകാലികളെ കൂട്ടിയ ആലയിൽ കന്നിമൂലയിൽ അടുപ്പു കൂട്ടി കാലിച്ചാനൂട്ട് എന്ന നിവേദ്യാർപ്പണം നടത്തുന്ന ചടങ്ങുകൾ ഇപ്പോഴും ചിലയിടങ്ങിളിലുണ്ട്. ആൺകുട്ടികളാണ് ഉണക്കലരികൊണ്ട് നിവേദ്യ പായസം ഉണ്ടാക്കുക. കാലിച്ചേകോൻ എന്നും കാലിച്ചാൻ എന്നുമൊക്കെ വിളിക്കുന്ന അമ്പാടി കണ്ണനെ സംപ്രീതനാക്കാനാണ് പ്ലാവിലകളിൽ ഈ നിവേദ്യം വിളമ്പുന്നത്.

തറവാടുകളിലും കാവുകളിലും പള്ളിയറകളിലുമെല്ലാം തുലാപ്പത്തിനു നടതുറന്ന് അടിച്ചു തളിച്ചു ദീപം തെളിയിച്ചു ദേവത മാർക്കു നിവേദ്യം നൽകും. പൂർവീകമായി നിശ്ചയിച്ച ദിവസങ്ങളിൽ കളിയാട്ടം നടക്കും. പല തറവാടുകളിലും ഗുരുകാരണവന്മാർക്കായി നിവേദ്യം നൽകുന്ന പതിവ് പത്താമുദയത്തിലുണ്ട്. മുത്തപ്പൻ മടപ്പുരകളിൽ പുത്തരി വെള്ളാട്ടം നടത്തുന്നത് പത്താമുദയത്തിലാണ്. പുതിയ അരിയും അവലും നിവേദിച്ചാണു പുത്തരി വെള്ളാട്ടം നടക്കുക. കളിയാട്ടങ്ങൾക്കൊപ്പം ഇത്തവണ പെരുങ്കളിയാട്ടങ്ങളുമുണ്ട്.

Previous Post Next Post