ചികിത്സക്കെത്തിയ രോഗിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോക്ടറെ സസ്പെന്റ് ചെയ്തു


കാസർഗോഡ് :- ചികിത്സക്കെത്തിയ രോഗിയിൽനിന്ന് കക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ്ചെയ്ത ഡോക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കാസർഗോഡ് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യാവിഭാഗം സീനിയർ കൺസൾട്ടറ്റന്റ് ഡോ. വെങ്കിടഗിരിയെ (59) ആണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. കാസർഗോഡ്  വിജിലൻസ് ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ നുള്ളിപ്പാടിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2000 രൂപയാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. കാസർഗോഡ് സ്വദേശിയായ രോഗിയുടെ ഹെർണിയ ചികിത്സയ്ക്കായി ജൂലായിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച ഡോക്ടർ അനസ്തറ്റിസ്റ്റ് വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങാനും ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോൾ ഡിസംബറിൽ ശസ്ത്രക്രിയ ചെയ്യാമെന്ന് അറിയിച്ചു. വേദന അസഹ്യമായതിനെ തുടർന്ന് വീണ്ടും മൂന്നുതവണ വെങ്കിടഗിരിയെ കണ്ടു. അപ്പോഴാണ് ശസ്ത്രക്രിയ നേരത്തേ ചെയ്യാൻ 2,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് രോഗി വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോക്ടർ റിമാൻഡിലാണ്.

Previous Post Next Post