തീവണ്ടിയിലെ തിക്കും തിരക്കും ; എല്ലാ ജില്ലകളിലും പരാതി നൽകാനൊരുങ്ങി യാത്രക്കാർ


കണ്ണൂർ :- തീവണ്ടിയിലെ തിരക്ക് സഹിച്ചുമടുത്ത യാത്രക്കാർ എല്ലാ ജില്ലകളിലും റെയിൽവേയ്ക്കെതിരെ പരാതി നൽകുന്നു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റികളിലാണ് പരാതി നൽകുന്നത്. കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാന് കണ്ണൂരിൽ പരാതി നൽകി. കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രശാന്ത് കുമാർ, ആർ.രഞ്ജിത്ത് കണ്ണൂർ എന്നിവർ അഡ്വ.മനോജ്കുമാർ മുഖാന്തരമാണ് പരാതി നൽകിയത്. കോഴിക്കോട് ഡി.എൽ.എസ്.എ.യിലും പരാതി നൽകുന്നുണ്ട്. കാസർഗോഡ് ഡി.എൽ.എസ്.എ യിൽ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനും യാത്രക്കാർ പരാതിനൽകും. ജനറൽ കോച്ചുകളിലെ ശ്വാസം മുട്ടിയുള്ള യാത്രയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.

എട്ട് ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുമ്പോൾ കണ്ണൂരിനും മംഗളൂരുവി നുമിടയിൽ യാത്രക്ലേശം അതിരൂക്ഷമാണ്. കണ്ണൂർ-മംഗളൂരു പാതയിൽ 18 റെയിൽവേ സ്റ്റേഷനുകളുണ്ട്. കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്ക് 2.45-ന് ചെന്നൈ-മംഗളൂരു എഗ്മോർ പുറപ്പെട്ടാൽ അടുത്തദിവസം രാവിലെ മലബാർ എക്സ്പ്രസ് മാത്രമാണ് ഭൂരിഭാഗം സ്റ്റോപ്പിലും നിൽക്കുന്ന വണ്ടി. എഗ്മോർ വൈകിട്ട് 4.25-നാണ് കണ്ണൂരിലെത്തുന്നത്. മലബാർ പിറ്റേന്ന് രാവിലെ 6.45- നും. അതായത് 14 മണിക്കൂർ കാത്തിരിപ്പ്.

ഇതിനിടയിൽ നാല് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. അതിന് 30 ശതമാനത്തിൽ കീഴെ സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ബാക്കി 70 ശതമാനം സ്റ്റേഷനുകളിലും കാത്തിരിപ്പിന്റെ ഭീകരമുഖം കാണാം. പരശുറാമിന്  കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഏഴു സ്റ്റോപ്പുകൾ മാത്രം. ഒന്നര കോച്ച് ജനറൽ കമ്പാർട്ട്മെന്റ് മാത്രമുള്ള നേത്രാവതി എക്സ്പ്രസ് അഞ്ചിടത്ത് മാത്രം നിർത്തും. പുലർച്ചെയുള്ള വെസ്റ്റ് കോസ്റ്റി നാകട്ടെ നാല് സ്റ്റോപ്പുകൾ മാത്രം. രാവിലെ മലബാറിന് തൊട്ടുമുന്നിൽ ഓടുന്ന മാവേലി എക്സ്പ്രസിന് ആറു സ്റ്റോപ്പുകൾ മാത്രം. പരിഹാരമായി ഒരു മെമു വണ്ടി വൈകിട്ട് അഞ്ചിനും ആറിനും ഇടയിൽ കോഴിക്കോട്ടു നിന്ന് സർവീസ് നടത്തണമെന്ന് പാസഞ്ചർ അസോസിയേഷൻ ഭാരവാഹി എ.ടി.വി പ്രദീപ്കുമാർ നിർദേശിക്കുന്നു.

Previous Post Next Post