ഇരിട്ടി :- മീത്തലെ പുന്നാട് റോഡരികിൽ കളിക്കുകയായിരുന്ന കുട്ടിയിൽനിന്ന് അപരിചിതൻ തന്ത്രപൂർവം അടിച്ചുമാറ്റിയ സൈക്കിൾ പൊലീസ് വീണ്ടെടുത്തു നൽകി. സൈക്കിൾ ഓടിക്കാൻ തരുമോ എന്ന അപരിചിതന്റെ ചോദ്യം കേട്ടപ്പോൾ 12 വയസ്സുകാരൻ ആദ്യം സംശയിച്ചു. 'വിശ്വസം ഉണ്ടെങ്കിൽ തന്നാൽ മതി' എന്നു പറഞ്ഞതോടെ കുട്ടി സൈക്കിൾ നൽകി. തുടർന്ന് പുന്നാട് ഭാഗത്തേക്ക് സൈക്കിൾ ഓടിച്ചു പോകുകയായിരുന്നു. 21ന് ആണ് സംഭവം.
തന്റെ പുത്തൻ സൈക്കിൾ നഷ്ടപ്പെട്ട 7-ാം ക്ലാസ്സുകാരന്റെ ദുഃഖം ഗൗരവത്തോടെ ഏറ്റെടുത്ത പൊലീസ് സിഐ കെ.ജെ വിനോയിയുടെ നേതൃത്വത്തിൽ അന്വേഷിച്ച് സൈക്കിൾ വീണ്ടെടുത്തു നൽകി. കുട്ടിയും ഉമ്മയും കൂടി ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി സൈക്കിൾ ഏറ്റുവാങ്ങി.
മേഖലയിലെ പ്രധാന സൈക്കിൾ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ പോലീസ് മട്ടന്നൂർ പാലോട്ടുപള്ളിയിലെ സൈക്കിൾ ഷോപ്പിൽ എത്തിയപ്പോഴാണു വിവരം ലഭിച്ചത്. ഇവിടെ സൈക്കിൾ വിൽക്കാനുണ്ടെന്നു പറഞ്ഞ് ഒരാൾ എത്തിയിരുന്നു. 16000 രൂപ വില ചോദിച്ചു.പുതിയ സൈക്കിൾ ആണെന്നു കണ്ടതോടെ കടക്കാരൻ വില്പനയ്ക്കെത്തിയ ആളോട് പേരും വിലാസവും ചോദിച്ചു. ഇതോടെ സൈക്കിൾ അവിടെ വച്ച് ഉടൻ വരാം എന്നു പറഞ്ഞു ആൾ മുങ്ങി. ഈ സമയത്താണ് പോലീസ് സംഘം എത്തുന്നത്. കുട്ടിയെ പറ്റിച്ചു സൈക്കിളുമായിങ്ങിയ ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.