മയ്യിൽ :- രൂക്ഷമായ കാലാസ്ഥാവ്യത്യാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനൊപ്പം നിലവിലെ സാഹചര്യത്തിൽ എങ്ങനെ കൃഷിചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാമെന്ന സന്ദേശത്തിന് ദേശീയ കാലാവസ്ഥ സമ്മേളനത്തിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് അംഗീകാരം നൽകി. തിരുവനന്തപുരം കേരള സയൻസ് & ടെക്നോളജി മ്യൂസിയത്തിൽ മൂന്നുദിവസ മായി നടന്ന വിദ്യാർഥികളുടെ കാലാവസ്ഥ സമ്മേളനത്തിലാണ് മികച്ച രണ്ടാമത്തെ പോസ്റ്റർ, പ്രോജക്ട് അവതരണത്തിന് സ്കൂൾ അർഹമായത്.
കെ.സി നിരഞ്ജന, ഇ.കെ നന്ദന, കെ.പി നയൻ സാവേരി, വിഷ്ണുനാഥ് ദിവാകരൻ, പൂജ.പി നമ്പ്യാർ എന്നിവരുടെ സംഘമാണ് അവതരണം നടത്തിയത്. തങ്ങളുടെ പ്രദേശത്ത് കൃഷിയിൽ നടത്തുന്ന ബദലിനെ ചിത്രങ്ങളിലൂടെയും കൊളാഷിലൂടെയുമാണ് ഇവർ പ്രദർശിപ്പിച്ചത്. വിദ്യാലയത്തിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ നിരീക്ഷണങ്ങളാണ് കർഷകർക്കായുള്ള വിദ്യാർഥികളുടെ കണ്ടെത്തലിനു പിന്നിലുള്ളത്. സ്കൂൾ അധ്യാപികമാരായ സി.കെ സജിത, വി.വി ഷീബ എന്നിവരായിരുന്നു ഇവരുടെ ഗൈഡ്.