കണ്ണൂർ :- തലശേരി - പാനൂർ മേഖലകളിൽ പ്രഖ്യാപിച്ച മിന്നൽ ബസ് സമരം പിൻവലിച്ചു.കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് പാനൂർ, തലശേരി മേഖലകളിൽ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു.
തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ മുൻകൈയെടുത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം. അസോസിയേഷൻ പ്രസിഡണ്ട് വേലായുധൻ, ജോയിൻ്റ് ആർ ടി ഒ ഷാനവാസ് കരീം, എ.എം.വി.ഐ സുനിൽ കുമാർ, തലശേരി സി.ഐ അനിൽ കുമാർ, എസ്.ഐ ദീപ്തി, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കേസിൽ ഒന്നും ചെയ്യാനില്ലെന്നും, നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും പൊലീസുദ്യോഗസ്ഥർ പറഞ്ഞു. മിന്നൽ പണിമുടക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ജോയിൻറ് ആർ.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.ബസുടമസ്ഥസംഘവും നിലപാട് വ്യക്തമാക്കിയതോടെ സമരത്തിൽ നിന്നും തൊഴിലാളി സംഘടനകൾ പിൻ വാങ്ങുകയായിരുന്നു.