കൊച്ചി : സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ടി.സി നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഇക്കാര്യം വ്യക്തമാക്കിയത്.
കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്കൂൾ പ്രിൻസിപ്പലാണ് സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ ടി.സി നിഷേധിച്ചത്. അധ്യാപക, രക്ഷാകർത്തൃസമിതിയെയും സി.ബി.എസ്.ഇ റീജണൽ ഓഫീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2023-2024 അധ്യയനവർഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടി.സി നൽകാത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. വിദേശത്ത് പഠിക്കാനായി പോകാനാണ് ടി.സി ആവശ്യപ്പെടുന്നതെന്നും വാദിച്ചു. എന്നാൽ, 2022-2023 അക്കാദമിക് വർഷത്തെ ഫീസ് പൂർണമായും അടച്ചിട്ടുണ്ടെന്നും വിദ്യാർഥിനിയുടെ അമ്മ കാൻസർ രോഗത്തിന് ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിദ്യാർഥിനിക്ക് ഉടൻ ടി.സി നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
വിദ്യാഭ്യാസം എന്നത് വിദ്യാർഥികളുടെ മൗലികാവകാശമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഫീസ് അടയ്ക്കാനുണ്ടെങ്കിൽ അത് ഈടാക്കാൻ സ്കൂൾ അധികൃതർക്ക് നിയമപരമായ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാ ക്കി.