ചക്കരക്കൽ :- നിർധനരുടെ വീടുകളിൽ സൗജന്യമായി വൈദ്യുതി എത്തിച്ച് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ പ്രവർത്തകർ. മുണ്ടേരി പഞ്ചായത്ത് നാലാം വാർഡിലെ പാറയിൽ മടപ്പുരക്കു സമീപം തൈക്കാട് ശാന്തമ്മക്കാണ് അസോസിയേഷൻ ചക്കരക്കൽ യൂണിറ്റ് വൈദ്യുതി എത്തിക്കുന്നത്. ഇവർ സൗജന്യമായി വൈദ്യുതി എത്തിക്കുന്ന മൂന്നാമത്തെ വീടാണിത്.
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വൈദ്യുതിയില്ലാതെ പ്രയാസം നേരിടുന്നവർക്ക് വെളിച്ചം നൽകുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും വീടിന്റെ വയറിങ് മുതൽ കണക്ഷൻ ലഭിക്കുന്നത് വരെയുള്ള എല്ലാ ചെലവും സംഘടന വഹിക്കുമെന്നും ജില്ലാ ട്രഷറർ മഹേഷ് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സി.സലിം, വൈസ് പ്രസിഡന്റ് കെ.ശ്രീജേഷ്, കെ.പി മനോജ്, പി.സി നൗഷാദ്. പി.കെ ഷൈൻ, കെ.ഉദയൻ, സി. കെ രവീന്ദ്രൻ, എൻ.കെ രാജേഷ് എന്നിവരാണ് പ്രവൃത്തിക്ക് നേതൃത്വം നൽകുന്നത്.