കൊളച്ചേരി:-ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കുരുന്നുകൾ യാത്ര തുടരുന്ന പുണ്യ ദിനം.. അധര്‍മ്മത്തിന് മേല്‍ ധര്‍മം വിജയം വരിച്ചതിന്റെ വിശ്വാസത്തില്‍ ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ഇന്ന് വിജയ ദശമി ആഘോഷിക്കുന്നു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകൾക്കും രാവിലെ മുതൽ തുടക്കമായി.
സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്
തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ആണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭത്തില്‍ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വൈരങ്കോട് ഭഗവതി ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, ചന്ദനക്കാവ് ദേവീക്ഷേത്രം, മേല്‍പ്പത്തൂര്‍ സ്മാരകം, പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രം, തലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രം, തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, അമ്പലക്കുളങ്ങര ക്ഷേത്രം, തെക്കന്‍ കുറ്റൂര്‍ പഴയേടത്ത് ശിവക്ഷേത്രം, മാട്ടുമ്മല്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലൊക്കെ സാംസ്‌കാരിക നായകരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ കുരുന്നുകള്‍ ഹരിശ്രീ കുറിക്കുകയാണ്.