അങ്കണവാടികുട്ടികൾക്ക് ഉച്ചഭക്ഷണ ചെലവിനുള്ള തുക കൂട്ടി


തിരുവനന്തപുരം :- സംസ്ഥാനത്തെ അങ്കണവാടിക്കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് പച്ചക്കറിക്ക് ചെലവിടാവുന്ന തുക കൂട്ടി. ഒരുദിവസം ഒരു കുട്ടിക്കുള്ള ചെലവ് രണ്ടുരൂപയിൽനിന്ന് അഞ്ചാക്കി. സാധനങ്ങളെത്തിക്കുന്നതിന് ഒരു കിലോഗ്രാമിന് അനുവദിച്ചിരുന്ന ഗതാഗതച്ചെലവ് 50 പൈസയിൽ നിന്ന് ഒരു രൂപയുമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള അങ്കണവാടികളിൽ മൂന്നുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പൊതുവിപണിയിൽ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും കൂടിയത് കണക്കിലെടുത്താണ് അനുപൂരക പോഷകാഹാരപദ്ധതിയിൽ ചെലവിടാവുന്ന തുകയും കൂട്ടിയത്. നേരത്തേ പച്ചക്കറിക്ക് ഒരു രൂപയായിരുന്നു. മൂന്നുവർഷം മുമ്പാണ് രണ്ടാക്കിയത്. 15 വർഷംമുമ്പാണ് ഗതാഗതച്ചെലവ് 50 പൈസയായി നിശ്ചയിച്ചത്. ഇതുരണ്ടും പുതുക്കണമെന്ന് വനിതാ ശിശുവികസന ഡയറക്ടർ തദ്ദേശസ്വയംഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

രാവിലെ ലഘുകടികൾ, 12.30-ന് കഞ്ഞി, പയർ അല്ലെങ്കിൽ ചോറ്, വൈകീട്ട് ഉപ്പുമാവ് അല്ലെങ്കിൽ പായസം. ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും എന്നിങ്ങനെയാണ് സാധാരണ ഭക്ഷണക്രമം. തദ്ദേശസ്ഥാപനങ്ങളുടെ താത്പര്യമനുസരിച്ച് ഭക്ഷണത്തിൽ വിഭവങ്ങൾ കൂടും.

Previous Post Next Post