തലശ്ശേരി :- തലശ്ശേരി ജില്ലാ കോടതിയില്‍ അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ജഡ്ജിക്കും അഭിഭാഷകർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികൾ ദിവസങ്ങളായി അടച്ചിട്ടിരുന്നു. കോടതിയിലെത്തിയ അൻപതോളം പേർക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധന നടത്തുകയും ആലപ്പുഴ വൈറോളജി ലാബിലേക്ക് സാമ്പിൾ അയക്കുകയും ചെയ്തിരുന്നു.
രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി..
എന്താണ് സിക വൈറസ്?
ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക വൈറസ്. സിക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ്. പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു.
പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിീവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലേയ്ക്ക് വരെ എത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1. കൊതുക് കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗം.
2. ഗർഭിണികൾ, ഗർഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.
3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം.
4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. മാത്രമല്ല ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക