കണ്ണൂർ:- പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് കയറി വീട് ഭാഗികമായി തകർന്നു. കുഴിക്കുന്ന് ഇറക്കത്തിലെ കമലയുടെ ഉടമസ്ഥതയിലുള്ള കമല ഗോവിന്ദ് എന്ന വീടാണ് തകർന്നത്. തിങ്കൾ വൈകിട്ട് 6.30 നാണ് സംഭവം. കമലും മകനും വീടിന് അകത്ത്
ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ നടുമുറിയുടെ ഭിത്തി പൂർണമായും തകർന്നു. ജനറേറ്ററുമായി സമീപത്തെ വ്യാപാര സമുച്ചയത്തിലേക്ക് എത്തിയ ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിയത്. വീടിന്റെ അടിത്തറ ഇളകി കേടു പറ്റിയിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.