പയ്യാവൂർ :- ഒരു മാസം നീണ്ടു നിൽക്കുന്ന കുന്നത്തൂർ പാടി ഉത്സവം ഡിസംബർ 18ന് തുടങ്ങും. 18ന് സന്ധ്യയോടെ താഴെ പൊടിക്കളത്തിൽ നിന്ന് അടിയാന്മാർ കനലാടികളായ ചന്തനെയും കോമരത്തെയും കോലധാരികളെയും വാദ്യക്കാരെയും ചൂട്ടും ഭണ്ഡാരവും സഹിതം പാടിയിലേക്ക് ആനയിക്കുന്നതാണു പാടിയിൽ കയറൽ ചടങ്ങ്. അതിനു മുന്നോടിയായി അടിയാന്മാർ പാടിയിൽ പണികൾ ആരംഭിച്ചു. താൽക്കാലിക മടപ്പുരയും അടിയന്തിരക്കാരുടെ പന്തലുകളും ഒരുക്കും. കോലധാരികളായ വള്ള്യായിലെ അഞ്ഞൂറ്റാന്മാർ അടിയാന്മാരുടെ പ്രത്യേക ക്ഷണമനുസരിച്ച് തലയടിയാന്റെ കുടിലിൽ തലേദിവസം എത്തും.
പണ്ടു കാലങ്ങളിൽ അടിയാന്മാർ മാത്രം ഉത്സവം നടത്തിയിരുന്ന സമയത്ത് കോമരത്തിന്റെ വീട്ടിൽ മുത്തപ്പനു പൈങ്കുറ്റി വച്ചാണ് ചന്തനെയും കോമരത്തെയും അടിയാന്മാർ കളിക്കപ്പാട്ടോടെ ആഘോഷപൂർവം ആനയിച്ചിരുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവം അടിയാൻമാരുടെ പരമ്പരാഗത ആചാരത്തോടെ തന്നെയാണ് ഇന്നും നടത്തുന്നത്. അടിയാത്തിമാർ മടപ്പുരയിൽ പ്രവേശിച്ച് മുത്തപ്പന് മുതിർച്ച തയാറാക്കുന്ന ചടങ്ങ് പാടിയിൽ മാത്രമാണുള്ളത്. ജനുവരി 16ന് അടിയാന്മാരുടെ നിഗൂഢമായ ചടങ്ങോടെ ഉത്സവം സമാപിക്കും.