പയ്യന്നൂർ :- വീട്ടിൽ നിന്നും രാത്രിയിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി ജീപ്പിടിച്ചു മരിച്ചു. പയ്യന്നൂരിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ചീമേനി കൊടക്കാട് വെള്ളച്ചാൽ സ്വദേശി മുംബെയിൽ ജോലി ചെയ്യുന്ന ശാന്തിനിലയത്തിൽസുരേഷിന്റെയും കല്യോട്ട് സ്കൂളിലെ പ്രധാനാധ്യാപിക ചിത്രയുടെയും മകൾ ആദ്യ സുരേഷാണ്(17) മരണപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതോടെ ദേശീയ പാതയിൽ കരിവെള്ളൂർ പാലക്കുന്ന് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. രാത്രി എട്ടരയോടെ പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചീമേനി പോലീസിൽ വിവരമറിയിച്ചിരുന്നു. കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ ചീമേനി പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടയിലായിരുന്നു പാലക്കുന്നിൽ വെച്ച് പെൺകുട്ടി ജീപ്പ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് നാട്ടുകാരും ജീപ്പിലുണ്ടായിരുന്നവരും ചേർന്ന് പെൺകുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് ബന്ധുക്കൾക്ക് വിവരം നൽകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏകസഹോദരി : അപർണ (മുംബൈ).