നിവർത്താനും മടക്കാനും കഴിയും ; ക്രിസ്മസ് വിപണിയിൽ സ്ഥാനം പിടിച്ച് റെഡിമെയ്ഡ് പുൽക്കൂടുകൾ



കണ്ണൂർ :- പുല്ലും ചെടിയും വൈക്കോലും തേടിപ്പിടിച്ച് പുൽക്കൂടുകൾ നിർമിച്ചിരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. ഒതുക്കി, മടക്കി, എടുത്തുവെക്കാവുന്നതും പിന്നീട് നിവർത്തി ഉപയോഗിക്കാവുന്നതുമായ റെഡിമെയ്‌ഡ്‌ പുൽക്കൂടുകളുടെ കാലമാണിത്.

ക്രിസ്മസ് കഴിഞ്ഞാൽ മടക്കി എടുത്തുവയ്ക്കാമെന്നുള്ളതുകൊണ്ട് ഇതിന് ആവശ്യക്കാരുണ്ട്. മേൽക്കൂരയിലും തറയിലും ഇടാവുന്ന വൈക്കോലും സെറ്റിനൊപ്പം ലഭിക്കും. 1,500 രൂപ മുതലാണ് ഇവയുടെ വില. തടികൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും നിർമിച്ച പുൽക്കൂടുകളാണ് കൂടുതലായും വിപണിയിൽ എത്തുന്നത്. സാധാരണ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് പുൽക്കൂടുകൾക്ക് 500 രൂപ മുതലാണ് വില. തടിയിൽ നിർമിച്ച പുൽക്കൂടുകൾക്ക് വില 1000 രൂപ മുതലാണ്.

ഉണ്ണിശോയും യൗസേപ്പ് പിതാവും മാതാവും ആട്ടിടയന്മാരും രാജാക്കന്മാരും കാവൽമാലാഖയും അടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. രൂപത്തിൻ്റെ വലുപ്പത്തിനനുസരിച്ച് വിലയും കൂടും. വലിയ 14 രൂപങ്ങളുടെ സെറ്റിന് 6000 രൂപ മുതലാണ് വില. ഇടത്തരം വലുപ്പമുള്ള 12 രൂപങ്ങളുള്ള സെറ്റിന് 3,500 രൂപ മുതലാണ് വില. 16 എണ്ണം വരുന്ന ചെറിയ രൂപങ്ങളുള്ള സെറ്റിന് 280 രൂപ മുതലാണ് വില. കഴിഞ്ഞ വർഷത്തെക്കാൾ വില കൂടിയിട്ടുണ്ടെന്നാണ് വിപണനക്കാർ പറയുന്നത്.

Previous Post Next Post