തളിപ്പറമ്പ് :- സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രികന്റെ കാൽപാദം അറ്റുവീണു. ഇന്നലെ രാത്രി ഒൻപതോടെ തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയിൽ കരിമ്പം ടി.എൻ.എച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. പയ്യന്നൂർ പെരുമ്പയിലെ എ.എഫ്.സി ഫ്രൂട്ട്സിലെ ജീവനക്കാരനായ കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും ഇപ്പോൾ മുതിയലത്ത് താമസക്കാരനുമായ കിഴക്കേപുരയിൽ കെ.കെ ജാഫറിനാണ് (42) പരിക്കേറ്റത്. സ്കൂട്ടറിൽ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ജാഫറിന്റെ സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം അതുവഴി പോകുകയായിരുന്ന ജീവകാരുണ്യ പ്രവർത്തകൻ നജ്മുദ്ദീൻ പിലാത്തറയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ടി.എൻ.എച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.