കണ്ണൂർ :- പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്താകെ നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സി തല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍ഹിച്ചു. മുണ്ടയാട് വൈദ്യര്‍ പീടികക്ക് സമീപം രാജലക്ഷ്മിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സാന്താക്ലോസ് തൊപ്പി അണിയിച്ചും കുട്ടിയോടൊപ്പം കേക്കുമുറിച്ചും ആഘോഷിച്ചു.
ഭിന്നശേഷി വിഭാഗത്തിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെ വീടുകളിലാണ് ചങ്ങാതിക്കൂട്ടം നടപ്പിലാക്കുന്നത് . ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, സഹപാഠികള്‍, അധ്യാപകര്‍, ബി ആര്‍ സി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് കൈമാറും.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ധനേഷ് മോഹന്‍, ബിപിസി കെ സി സുധീര്‍, ബിആര്‍സി ട്രെയിനര്‍ അതുല്‍ കൃഷ്ണന്‍, ധര്‍മ്മ സമാജം യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷര്‍ണ ഗംഗാധരന്‍, പി ടി എ പ്രസിഡണ്ട് മധു കൊയിലി, സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരായ ധന്യ, ജൂലിയാന, ഹൃദ്യ, പൊതുപ്രവര്‍ത്തകന്‍ ബഷീര്‍ മുണ്ടയാട്, സ്‌കൂളിലെ സഹപാഠികള്‍, പരിസരവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജലക്ഷ്മിയെ കൂടാതെ മറ്റ് ആറോളം വിദ്യാര്‍ഥികളുടെ വീടുകളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്ണൂര്‍ നോര്‍ത്ത് ബിപിസി കെ സി സുധീര്‍ പറഞ്ഞു.