മയ്യിൽ :- തളിപ്പറമ്പ് സൗത്ത് സബ്ജില്ല കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും, സബ്ജില്ലാ ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയവും നേടിയ കണ്ടക്കൈ എ.എൽ.പി സ്കൂ ളിലെ കലാ-ശാസ്ത്രപ്രതിഭകളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭോത്സവം പരിപാടി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.പി ഷിബുവിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനവും പ്രതിഭകൾക്കുള്ള ഉപഹാര വിതരണവും നടത്തി.
2022-23 വർഷം എൽ.എസ്.എസ് നേടിയ 4 വിദ്യാർത്ഥികൾക്കും യു.എസ്.എസ് നേടിയ പൂർവ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനം തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ നിർവഹിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ എ.കെ ശ്രീധരൻ നമ്പ്യാരുടെ പേരിൽ മക്കൾ ഏർപ്പെടുത്തിയ മികച്ച കലാപ്രതിഭകൾക്കുള്ള എന്റോവ്മെന്റ് വിതരണവും മയ്യിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത നിർവഹിച്ചു.
സ്കൂളിലെ മുൻ അധ്യാപകൻ സി.കബീർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.വിനോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.മിനി നന്ദിയും പറഞ്ഞു.