കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർകാർഡ് കൈവശം വെച്ചില്ലെങ്കിൽ 1000 രൂപ പിഴ


തിരുവനന്തപുരം :- കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർകാർഡ് കൈവശം വെച്ചില്ലെങ്കിൽ 1000 രൂപ പിഴനൽകേണ്ടി വരും. ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് ഈ നിബന്ധന കർശനമാക്കാനാണ് നീക്കം. സംസ്ഥാന പോലീസ് ഇന്റലിജൻസ് വിങ്ങും സ്പെഷ്യൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരസുരക്ഷ ശക്തിപ്പെടുത്തുന്നത്. കടൽവഴി ലഹരിക്കടത്തു നടക്കുന്നതായും തീവ്രവാദ സംഘടനയിൽപ്പെട്ടവർ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. കടലിൽപോകുന്നവർ തിരിച്ചറിയൽകാർഡ് കരുതണമെന്ന് 2018-ൽ വ്യവസ്ഥ കൊണ്ടുവന്നിരുന്നു.

വഞ്ചികളിലും ബോട്ടുകളിലും മീൻ പിടിക്കാൻ പോകുന്നവർ ആരെല്ലാമാണെന്ന് അതിൻ്റെ ഉടമകൾക്കുതന്നെ അറിയാത്ത സ്ഥിതിയുണ്ട്. ബംഗാളിൽ നിന്നും ഒഡിഷയിൽനിന്നും ഉള്ളവരാണ് തീരദേശങ്ങളിൽ തമ്പടിച്ച് ഈ ജോലിയിൽ ഏർപ്പെടുന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇവരിൽ പലരും മത്സ്യത്തൊഴിലാളികൾ എന്ന പേരിൽ പണിയെടുക്കുന്നത്. മീൻപിടിക്കാൻ പോവുമ്പോൾ ആധാർ കാർഡ് കൈവശം വെക്കാൻ നിർബന്ധിക്കുന്നതിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കടൽക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളിൽ യഥാർഥ രേഖകൾ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു. രേഖകളുടെ പകർപ്പ് കൈവശം വെക്കാൻ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

ഇതിന്റെ പ്രായോഗിക വശം ഉൾക്കൊണ്ട് ഭേദഗതി നിർദേശിക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കിടയിൽ ഇതുസംബന്ധിച്ച ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്തും. അതിനുശേഷം പരിശോധന വ്യാപകമാക്കുമെന്നാണ് അധികൃതർ പറയുന്നത്.

Previous Post Next Post