പത്തനംതിട്ട :- ശബരിമല ശരണം വിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മണ്ഡല, മകരവിളക്കു തീർഥാടനത്തിനു സമാപനം കുറിച്ച് ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായുള്ള മടക്കഘോഷയാത്ര തുടങ്ങി. രാവിലെ 5ന് നട തുറന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു.
തിരുവാഭരണപേടകവാഹകർ തിരുനടയിലെത്തി, തിരുവാഭരണം ശിരസിലേറ്റി പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലെത്തി പടിയിറങ്ങി. തുടർന്നു പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശങ്കർവർമ, സെക്രട്ടറി എം.ആർ സുരേഷ് വർമ എന്നിവരും കൊട്ടാരം പ്രതിനിധികളും നടയിലെത്തി അയ്യപ്പനെ തൊഴുതു. തുടർ ന്നു മേൽശാന്തി പി.എൻ മഹേഷ് അയ്യപ്പനെ ഭസ്‌മാഭിഷേകം നടത്തി ധ്യാനത്തിലാക്കി. ജപമാലയും വടിയും അണിയിച്ചു ഹരിവരാസനം ചൊല്ലി നട അടച്ചു.