കണ്ണൂർ :- പൊതുജനങ്ങള്‍ക്ക് നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ നിര്‍ബന്ധമായും മലയാളത്തില്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളെക്കൂടി പരിഗണിച്ച് ഇത് ദ്വിഭാഷയില്‍ അച്ചടിക്കാവുന്നതാണെന്നും യോഗത്തില്‍ ഔദ്യോഗിക ഭാഷാവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആര്‍ കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകളും നിര്‍ബന്ധമായും മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കണം. ഓഫീസ് സീലുകള്‍ മലയാളത്തിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. ഭാഷ ശൈലി ഏകീകരിക്കാന്‍ സര്‍ക്കാര്‍ മലയാള ലിപി പരിഷ്‌ക്കരണം നടത്തിയിട്ടുണ്ട്. ഏകീകരിച്ച ലിപിയുടെ പ്രയോഗം കമ്പ്യൂട്ടറുകളില്‍ സാധ്യമാക്കുന്നതിന് പുതുതായി പത്ത് മലയാളം ഫോണ്ടുകള്‍ക്കും രൂപം നല്‍കി.
നിലവില്‍ ജില്ലയിലെ ഭൂരിഭാഗം ഓഫീസുകളിലും ഫയലുകള്‍ നൂറുശതമാനം മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഔദ്യോഗിക ഭാഷാ ഉപയോഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്നും യോഗം വിലയിരുത്തി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ ഭാഷാമാറ്റ പുരോഗതി, വകുപ്പുതലയോഗങ്ങള്‍, മലയാള ദിനാഘോഷം, ഭരണഭാഷാ വാരാഘോഷം എന്നിവ അവലോകനം ചെയ്തു . ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ് അധ്യക്ഷത വഹിച്ചു. ഹെഡ് ക്ലര്‍ക്ക് പി പി ഷലീഷ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.