കണ്ണൂർ :- പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുള്ളിപ്പുലി ചത്ത സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് ഉത്തരവിട്ടു. സംഭവത്തിൽ പരാതികളും ആരോപണങ്ങളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
എ.പി.സി.സി.എഫിന്റെ (വിജിലൻസ്) നേതൃത്വത്തിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി സർജന്മാരായ ഡോ.ശ്യാം വേണുഗോപാൽ, ഡോ.രാജൻ എന്നിവരാണ് സമിതിയിലുള്ളത്. ഒരുമാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. നവംബർ 29-നാണ് പെരിങ്ങത്തൂർ സൗത്ത് അണിയാരത്ത് കിണറ്റിൽ വീണ് പുലിയെ കണ്ടത്. മയങ്ങാനുള്ള മരുന്ന് നൽകി ജീവനോടെയാണ് പുലിയെ പുറത്തെടുത്തതെങ്കിലും കണ്ണവത്തേക്ക് കൊണ്ടുപോകും വഴി രാത്രിയോടെ ചാകുകയായിരുന്നു.