കണ്ണൂർ :- ഏഴിമല നാവിക അക്കാദമി കമാൻഡന്റായി വൈസ് അഡ്മിറൽ വിനീത് മക്കാർട്ടി ചുമതലയേറ്റു. വെസ്റ്റേൺ ഫ്ളീറ്റിന്റെ കമാൻഡിങ് ഫ്ളാഗ് ഓഫീസറായിരിക്കെയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിയുടെ വൈസ് അഡ്മിറലായുള്ള നിയമനം. വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽനിന്ന് നാഷണൽ ഡിഫൻസ് ബിരുദം നേടിയ ഇദ്ദേഹം 1989 ജൂലായ് ഒന്നിനാണ് ഇന്ത്യൻ നേവിയിൽ ഫ്ളാഗ് ഓഫീസറായി സേവനമാരംഭിച്ചത്. ഗണ്ണറി ആൻഡ് മിസൈലുകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ഐ.എൻ.എസ്. ഡൽഹിയുടെ കമ്മിഷനിങ് ക്രൂവായും ഫ്രണ്ട്ലൈൻ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറിൽ സ്പെഷ്യലിസ്റ്റായും സേവനമനുഷ്ഠിച്ചിരുന്നു. സീവാർഡ് ഡിഫൻസ് പട്രോൾ വെസൽ, ഗൈഡഡ് മിസൈൽ വെസൽ, ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്ക് ഐ.എൻ.എസ്. ജലാശ്വ എന്നിവയുടെ എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്തർവാഹിനികളായ ഐ.എൻ.എസ്. അജയ്, ഐ.എൻ.എസ്. ഖഞ്ചർ, ഐ.എൻ.എസ്. ശിവാലിക് എന്നിവയുടെ കമാൻഡറുമായിരുന്നു. ശ്രീലങ്കയിലെ നേവൽ ആൻഡ് മാരിടൈം അക്കാദമി ഉപദേഷ്ടാവ്, റിപ്പബ്ലിക് ഓഫ് സിങ്കപ്പൂരിന്റെ ഇന്ത്യൻ പ്രതിരോധ ഉപദേഷ്ടാവ് എന്നിവയ്ക്കുപുറമെ ഇന്ത്യൻ നാവികസേനയുടെ പദ്ധതികൾ തയ്യാറാക്കൽ, യുദ്ധനയം രൂപവത്കരിക്കൽ എന്നീ രംഗങ്ങളിലും സ്തത്യർഹമായ സേവനങ്ങൾക്ക് ശേഷമാണ് നേവൽ അക്കാദമിയുടെ കമാൻഡന്റായി ചുമതലയേറ്റത്.