കണ്ണൂർ :- കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യുണിസെഫും സംയുക്തമായി 'ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവര്‍ത്തനവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സ്‌കൈപാലസ് ഹോട്ടലില്‍ നടന്ന ശില്‍പ്പശാലയില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. യുണിസെഫ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ശ്യാം സുധീര്‍ ബണ്ടി, അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, ജനറല്‍ കൗണ്‍സില്‍ അംഗം പി പി ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ ക്ലാസെടുത്തു. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് സിജി ഉലഹന്നാന്‍, മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം, ക്യാമ്പ് ഡയറക്ടര്‍ എസ് ബിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്യാമ്പ് ഫയറും നടന്നു. 11ന് ബാലനീതി നിയമങ്ങളും മാധ്യമ റിപ്പോര്‍ട്ടിങ്ങും എന്ന വിഷയത്തില്‍ ശ്യാം സുധീര്‍ ബണ്ടി ക്ലാസെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ് അധ്യക്ഷത വഹിക്കും. ജനറല്‍ കൗണ്‍സില്‍ അംഗം സുരേഷ് വെള്ളിമംഗലം, അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ വിജേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. ശില്‍പ്പശാലയിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ ഉള്‍ച്ചേര്‍ത്ത് പ്രത്യേക പ്രസിദ്ധീകരണം തയ്യാറാക്കി അത് പൊതുരേഖയായി പ്രഖ്യാപിക്കാനാണ് അക്കാദമിയുടെ ലക്ഷ്യം.