തിരുവനന്തപുരം :- വനത്തിനു പുറത്തുവെച്ച് തേനീച്ച-കടന്നൽ എന്നിവയുടെ കുത്തേറ്റ് ' ജീവഹാനി സംഭവിച്ചാൽ രണ്ടുലക്ഷംരൂപ നഷ്ടപരിഹാരം നൽകും. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കഴിഞ്ഞവർഷം ഒക്ടോബർ 25-ന് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
'വന്യമൃഗം' എന്ന വാക്കിൻ്റെ നിർവചനത്തിൽ തേനീച്ചയും കടന്നലും ഉൾപ്പെട്ടിരുന്നില്ല. അവയുടെ ആക്രമണ ത്തിനിരയാകുന്നവർക്കുകൂടി നഷ്ടപരിഹാരം നൽകുന്നതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. ജീവഹാനി സംഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ഉത്തരവ്. എന്നാൽ, വനത്തിനു പുറത്തുവെച്ചാണ് ആക്രമണമെങ്കിൽ ആശ്രിതർക്ക് എത്രരൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. വനത്തിനു പുറത്തു വെച്ച് ജീവഹാനി സംഭവിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഭേദഗതിക്ക് 2022 ഒക്ടോബർ 25 മുതൽ പ്രാബല്യമുണ്ടാകും.