ഇരിട്ടി :- കീഴൂരിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ബസ് കണ്ടക്ടർക്ക് പരിക്ക്. കീഴ്പ്പള്ളി കരോട്ടിതടത്തിൽ റോബിൻ തോമസിനെ (29) ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം.
ഇരിട്ടി - കണ്ണൂർ തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസ് ഇരിട്ടിയിൽ സർവീസ് അവസാനിപ്പിച്ചു. ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ കീഴൂർ അരയാലിന് സമീപം തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് അരയാൽ തറയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റു.
പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് യാത്രികനായ സമീപവാസിയായ മറ്റൊരു യുവാവിനും ഗുരുതര പരുക്കേറ്റിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്