പോലീസ് വിജിലൻസും ഡിജിറ്റലാകുന്നു


കണ്ണൂർ :- പോലീസിലെ വിജിലൻസ് വിഭാഗം പൂർണമായും കടലാസ് രഹിതമാകുന്നു. വിജിലൻസെടുത്ത പഴയ കേസുകളുടെ രേഖകൾ മിക്കതും ഡിജിറ്റൽ രൂപത്തിലാക്കി. കേസുകളുടെ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ.) റജിസ്റ്റർ ചെയ്യാനും ഓൺലൈനായി കോടതികളിലേക്ക് അയക്കാനുമുള്ള പരിശീലനം ഇപ്പോൾ നടക്കുകയാണ്.

തിരുവനന്തപുരത്ത് വിജിലൻസ് ആസ്ഥാനത്താണ് വിവിധ ബാച്ചുകളായി പരിശീലനം നൽകുന്നത്. ഇത് മൂന്നുമാസത്തോളം നീളും. ഈ വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. ഫയലുകൾ ഡിജിറ്റൈസ് ചെയ്യുന്ന ജോലി ഈ വർഷത്തോടെ പൂർത്തിയാകും. കേസുകളുടെ എഫ്.ഐ.ആർ ഡിജിറ്റലായാണ് തയ്യാറാക്കുന്നതെങ്കിലും കോടതിയിൽ നേരിട്ട് നൽകുന്ന രീതിയാണ് തുടരുന്നത്. പ്രഥമാന്വേഷണ റിപ്പോർട്ട് മുതൽ അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലെയും റിപ്പോർട്ടുകൾ അതത്  സമയത്തുതന്നെ പരിശോധിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർക്ക് പുതിയ രീതി വഴി സൗകര്യം ലഭിക്കും.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകൾ നഷ്ടപ്പെടാതിരിക്കലാണ് രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം. തെളിവുകളും രേഖകളും കാലപ്പഴക്കത്താൽ നശിക്കുന്ന സ്ഥിതിയുണ്ട്. ഇതിനുപുറമെ ബോധപൂർവം തെളിവുകൾ നശിപ്പിക്കാനും എടുത്തുമാറ്റാനുമുള്ള സാധ്യതകളുമുണ്ട്. അന്വേഷണം നേരിടുന്നതും കേസിൽ പ്രതികളാകുന്നതുമായ സംസ്ഥാനത്തെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരെക്കുറിച്ചും വിജിലൻസിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അപ്പോൾത്തന്നെ മനസ്സിലാക്കാനും സാധിക്കും. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് സർക്കാറിന് ശുപാർശയും സമർപ്പിക്കാം.

Previous Post Next Post