കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ആനപീടിക പാറപ്പുറം ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവത്തിനു തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മഹോത്സവം നാളെ വൈകിട്ട് സമാപിക്കും. പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവത്തിനു തുടക്കം കുറിച്ച് കുറ്റ്യാട്ടൂര്‍ കുളങ്ങര പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്രയും ദീപാരാധനയും നടന്നു. തുടര്‍ന്ന് എകെജി വായനശാല വനിതവേദിയുടെ കോല്‍ക്കളി, കൈകൊട്ടിക്കളി, തിരുവാതിര തുടങ്ങി നിരവധി കലാപരിപാടികള്‍ നടന്നു.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുത്തപ്പനെ മലയിറക്കല്‍, വൈകിട്ട് 4 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം, രാത്രി 7.30ന് വാരച്ചാല്‍ മുത്തപ്പന്‍ മഠപ്പുര സന്നിധിയില്‍ നിന്നും കാഴ്ചവരവ്, 12 മണിക്ക് കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത്, നാളെ പുലര്‍ച്ചെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം കെട്ടിയാടും. വൈകിട്ട് നടക്കുന്ന കലശം പൊലിക്കലോടെ മഹോത്സവം സമാപിക്കും.