തിരുവനന്തപുരം :- ഉച്ചഭക്ഷണ പദ്ധതിയിൽ നവംബർ, ഡിസംബർ മാസങ്ങളിൽ നൽകേണ്ട പണം മുടങ്ങി. പ്രീ - പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 12,200 പൊതുവിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ ബുദ്ധിമുട്ടിലായി. മാസം 37 കോടി രൂപയാണ് വേണ്ടത്.
പദ്ധതിക്ക് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. മുൻപ് അധ്യയനവർഷം ആരംഭത്തിൽത്തന്നെ തുക അക്കൗണ്ടിലെത്തിയിരുന്നു. 2022 മുതലാണ് താളം തെറ്റിയത്. കഴിഞ്ഞ വർഷം മാസങ്ങൾ കഴിഞ്ഞു പണം കിട്ടാൻ. തുക കൂട്ടണമെന്നും കുടിശ്ശിക ഉടൻ നൽകണമെന്നുമാവശ്യപ്പെട്ട് കെ.പി.എസ്. ടി.എ, കെ.പി.പി.എച്ച്.എ എന്നീ അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ഒക്ടോബർ വരെയുള്ള ചെലവ് അനുവദിച്ചു. പിന്നീട് വീണ്ടും നിലച്ചു.
പബ്ലിക് ഫിനാൻസ് മാനേജ്‌മെൻറ് സിസ്റ്റം (പി.എഫ്.എം.എസ്) എന്നപേരിൽ പുതിയ സമ്പ്രദായം വന്നശേഷം കേന്ദ്രത്തിൽ നിന്ന് പണം കിട്ടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. സംസ്ഥാനം യഥാസമയം കണക്ക് തരുന്നില്ലെന്നു കേന്ദ്രവും. 2016-ൽ നിശ്ചയിച്ച തുകയാണ് ഇപ്പോഴും. പച്ചക്കറി, പലവ്യഞ്ജനം, ഗ്യാസ്, പാൽ, മുട്ട ഇവയ്ക്കായി ഒരു കുട്ടിക്ക് ഒരു ദിവസം അനുവദിക്കുന്നത് ആറു.മുതൽ എട്ടു രൂപ വരെയാണ്. കേന്ദ്രപദ്ധതിയിൽ പാലും മുട്ടയുമില്ല. ആഴ്ചയിൽ 300 മില്ലിലിറ്റർ പാലും ഒരു മുട്ട/പഴം നൽകാൻ സംസ്ഥാന സർക്കാരാണ് നിർദേശിച്ചത്. എന്നാൽ, ഇതിന് പ്രത്യേകം ഫണ്ട് അനുവദിച്ചില്ല. 500 വിദ്യാർഥികളുള്ള ഒരു സ്കൂളിൽ മാസം 85,000 രൂപയോളം ചെലവാകും