കൊല്ലം : 62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശിൽപ്പത്തോടെയാവും കലാമേളയ്ക്ക് തുടക്കമാവുക. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.
14 ജില്ലകളിൽ നിന്നായി 14,000ലേറെ കൗമാര പ്രതിഭകളാണ് കലാമേളയുടെ ഭാഗമാവുക. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.
ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.