കണ്ണൂർ മേയർ സ്ഥാനത്തേക്ക് മുസ്‌ലിഹ് മഠത്തിൽ


കണ്ണൂർ :- കണ്ണൂർ മേയർ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവും നീർച്ചാൽ വാർഡ് കൗൺസിലറുമായ മുസ്ലിഹ് മഠത്തിലിനെ (46) സംസ്ഥാന പ്രസിഡന്റ്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

ധാരണപ്രകാരം കോൺഗ്രസിലെ ടി.ഒ മോഹനൻ രാജിവെച്ച ഒഴിവിലേക്കാണ് മുസ്‌ലിഹ് വരുന്നത്. ജില്ലാ ലീഗ് പാർലമെന്ററി ബോർഡിൻ്റെ ശുപാർശ പ്രകാരമാണ് സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. ജില്ലാ പ്രസിഡൻ്റ് അബ്ദുൾകരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, ട്രഷറർ മഹമ്മൂദ് കടവത്ത്, ജില്ലയിൽനിന്നുള്ള സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ കല്ലായി, പി.കെ അബ്ദുള്ള എന്നിവർ കൗൺസിലർമാരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ശുപാർശ നൽകിയത്. നീർച്ചാൽ വാർഡിൽനിന്ന് രണ്ടാംതവണ തിരഞ്ഞെടുക്കപ്പെട്ട നീർച്ചാൽ സ്കൂളിന് സമീപത്തെ മഠത്തിൽ പുതിയ പുരയിൽ മുഹമ്മദ് മുസ്‌ലിഹ് യൂത്ത് ലീഗിലൂടെയാണ് രാഷ്ട്രീയത്തിൽ വന്നത്. ജില്ലാ വൈസ് പ്രസിഡന്റും ഖജാൻജിയുമായിരുന്നു. സാമ്പത്തികശാസ്ത്ര ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

55 അംഗ കോർപ്പറേഷൻ കൗൺസിലിൽ യു.ഡി.എഫിന് 35 സീറ്റും (കോൺഗ്രസ് -21, ലീഗ് -14), ഇടതുമുന്നണിക്ക് 19 സീറ്റും (സി.പി.എം.-17, സി.പി.ഐ.-2) ആണ്. ബി.ജെ.പി ക്ക് ഒരംഗമുണ്ട്.

Previous Post Next Post