കണ്ണൂർ:-കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്‌കൂള്‍ കാലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന്റെ സ്വര്‍ണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാര്‍ത്ഥികളാണ്. കലാസാഹിത്യ രംഗങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള ഈ നാടിനെ ബ്ലഡി കണ്ണൂരെന്ന് ചിലര്‍ അധിക്ഷേപിച്ചു. അവര്‍ക്ക് കണ്ണൂരിലെ കുഞ്ഞുങ്ങള്‍ നല്‍കുന്ന മറുപടി കൂടിയാണ് ഇതെന്നും കണ്ണൂരിനെ ബ്യൂട്ടിഫുളെന്ന് വിശേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങള്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊണ്ട് കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്ന ഇടങ്ങളാണ്. സ്‌കൂളുകള്‍ കേവലം വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ മാത്രമല്ല. സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടങ്ങളായി ക്ലാസ്മുറികള്‍ മാറുകയാണ്. എഴുത്ത് കേവലം ചിന്തകളെ പ്രകാശിപ്പിക്കാനുള്ള ഒരു ഉപാധിയല്ല. മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കാനും സമൂഹം അറിയാതെ പോകുന്ന മനുഷ്യാവസ്ഥകളെ ലോകത്തിന് മുന്നില്‍ എത്തിക്കാനുള്ള ഉപാധികൂടിയാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിവുകള്‍ ലഭിക്കുന്നതിന് നിരവധി അവസരങ്ങള്‍ നിലവിലുണ്ട്. അവയില്‍ തെറ്റായതും ശരിയായതുമായ അറിവുകള്‍ ഉണ്ടാകും. അതു വേര്‍തിരിച്ച് അറിഞ്ഞ് ശരിയായത് ഉള്‍കൊള്ളാനുള്ള തിരിച്ചറിവു കൂടി വേണം. സാങ്കേതിക വിദ്യയുടെ വളര്‍ച്ച പ്രയോജനപ്പെടുത്തി പുസ്തകങ്ങളും വായനകളും പുതിയ തലങ്ങളിലേക്ക് വളരുകയാണ്. വായനക്കായി മാത്രമുള്ള സാങ്കേതികവിദ്യ തന്നെ നിലവിലുണ്ട്. അച്ചടിച്ച കോപ്പികള്‍ പോലും ഇതുവഴി വായിക്കാനാകും. അതു ഗുണപരമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളില്‍ വായനയും സര്‍ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് 'എന്റെ പുസ്തകം എന്റെ വിദ്യാലയം'. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50000 കുട്ടികള്‍ എഴുത്തും വരയും നിറവും നല്‍കിയ 1056 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കുട്ടികള്‍ തന്നെ എഡിറ്ററായി തയ്യാറാക്കിയ കയ്യെഴുത്തുപ്രതികള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വായനക്കുറിപ്പുകള്‍, സയന്‍സ് ലേഖനങ്ങള്‍, ചെറുനാടകങ്ങള്‍ എന്നിവയാണ് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹായത്തോടെയാണ് ആശയം യാഥാര്‍ഥ്യമാക്കിയത്. കൈരളി ബുക്‌സ്, ചിന്ത പബ്ലിഷേഴ്‌സ് എന്നീ പ്രസാധകരാണ് പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ 2022-23, 2023-24 വര്‍ഷങ്ങളില്‍ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചു.
കെ വി സുമേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഓള്‍ ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താര്‍ അടൂര്‍ യുആര്‍എഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറി. കണ്ണൂര്‍ ഡി ഡി ഇ എ പി അംബിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അംഗങ്ങളായ തോമസ് വക്കത്താനം, ഉഷ രയരോത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ലത്തീഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, കോളേജ് പ്രിന്‍സിപ്പല്‍ കെ ടി ചന്ദ്രമോഹന്‍, വയനാട് ഡിഡിഇ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, ഡി പി സി ഇ സി വിനോദ്, വിദ്യാരംഗം കണ്‍വീനര്‍ ഇ പി വിനോദ് കുമാര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, ഗിന്നസ് സുനില്‍ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ടി കെ വിജില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി അബ്ദുല്‍കരീം ചേലേരി തുടങ്ങിവര്‍ പങ്കെടുത്തു.