തിരുവനന്തപുരം :- ജയിലുകളിൽ തടവുകാരുടെ എണ്ണവും ഭക്ഷണച്ചെലവും കൂടിയതോടെ 2.4 കോടി കൂടി അനുവദിച്ച് ധനവകുപ്പ്. ബജറ്റ് വിഹിതത്തിനു പുറമേയാണ് പണം നൽകിയത്. രണ്ടുകോടി രൂപ ഭക്ഷണത്തിനും 40 ലക്ഷം വൈദ്യുതി ബിൽ അടയ്ക്കാനും വിനിയോഗിക്കാനാണ് നിർദ്ദേശം.
ബജറ്റിൽ 27.50 കോടി രൂപയാണ് ജയിലുകൾക്കായി നീക്കിവെച്ചത്. ഇത് തികയില്ലെന്നുവന്നതോടെ അധിക പണം ആവശ്യപ്പെട്ട് ജയിൽമേധാവി സർക്കാരിനെ സമീപിച്ചു. ഇതോടെ ട്രഷറി നിയന്ത്രണത്തിനു ഇളവുവരുത്തി പണം നൽകാൻ ധനവകുപ്പ് തീരുമാനിച്ചു.
സംസ്ഥാനത്ത് 54 ജയിലുകളുണ്ട്. എല്ലായിടത്തുമായി 6017 തടവുകാരെ ഉൾക്കൊള്ളാനാണ് ശേഷി. എങ്കിലും 8350-ലധികംപേരെ പാർപ്പി ച്ചിട്ടുണ്ട്. അതിൽ 4393 പേർ റിമാൻഡ് തടവുകാരും 2909 പേർ ശിക്ഷാത്തടവുകാരും 950 പേർ വിചാരണ നേരിടുന്നവരുമാണ്.