തിരുവനന്തപുരം :- സംസ്ഥാനത്തെ 38.1 ശതമാനം സ്ത്രീകൾക്കും അമിതവണ്ണമെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. ദേശീയതലത്തിലിത് 24 ശതമാനമാണ്. നഗര ങ്ങളിലെ 40 ശതമാനവും ഗ്രാമങ്ങളിലെ 36 ശതമാവും സ്ത്രീകൾ അമിത ശരീരഭാരമുള്ളവരാണ്. സംസ്ഥാനത്തെ സ്ത്രീകളിലെ അമിതഭാരം അവരവരുടെ പങ്കാളികളെ അപേക്ഷിച്ചും കൂടുതലാണ്. 15 മുതൽ 49 വരെ പ്രായമുള്ള സ്ത്രീകളാണ് സർവേയിലുൾപ്പെട്ടിട്ടുള്ളത്.
കായികാധ്വാനത്തിൻ്റെ അഭാവമാണ് സ്ത്രീകൾക്കിടയിൽ അമിതവണ്ണവും സാംക്രമികേതര രോഗങ്ങളും വർധിക്കാനിടയാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണയിൽത്താഴെ ശരീരഭാരമുള്ള സ്ത്രീകളുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. 10.1 ശതമാനം പേരാണ് ഈ വിഭാഗത്തിലുള്ളത്.
2015-16, 2019-20 കളിലെ ദേശീയ കുടുംബാരോ ഗ്യ റിപ്പോർട്ട് ഉദ്ധരിച്ചാണ് സംസ്ഥാനത്തെ സ്ത്രീകളിലെ ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നത്. ഗർഭിണികളായ സ്ത്രീകളിലെ വിളർച്ച വലിയതോതിൽ കൂടുന്നതായും കണക്കുകൾ പറയുന്നു. അതേസമയം, അഖിലേന്ത്യാ ശരാശരിയെക്കാൾ മികച്ചസ്ഥിതിയാണ് കേരളത്തിന്റേത്. സംസ്ഥാനത്തെ 24.8 ശതമാനം സ്ത്രീകൾക്ക് പ്രമേഹവും 30.9 ശതമാനം പേർക്ക് രക്തസമ്മർദവുമുണ്ട്.