പഴയങ്ങാടി :- പഴയങ്ങാടി പാലത്തിൽ അപകടത്തിൽപ്പെട്ട ടാങ്കർ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തെ തുടർന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ഫയർ ഫോഴ്‌സ് കുപ്പം കലാസികൾ, വർക് ഷോപ്പ് തൊഴിലാളികൾ എന്നിവരുടെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തടസ്സം നീക്കിയത്. ടാങ്കറിലെ വാതകം നീക്കം ചെയ്യാതെ തന്നെ ടാങ്കർ റോഡിൽ നിന്ന് മാറ്റുവാനുള്ള ജോലിയാണ് വിജയിച്ചത് വൈകുന്നേരം 5 മണിയോടെ ടാങ്കർ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
മംഗലാപുരത്ത് നിന്ന് പാചക വാതകവുമായി വരികയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്.അമിത വേഗതയിൽ കടന്ന് വന്ന ടാങ്കർലോറി ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലാണ് ഇടിച്ചത്.കൂടെയുള്ളവർ സഞ്ചരിച്ച കാറിലും പിന്നാലെ വന്ന മറ്റൊരു കാറിലും ഇടിച്ചു. അമിത വേഗത കണ്ട് പാലത്തിന് അരികിലേക്ക് വാഹനങ്ങൾ അടുപ്പിച്ചത് കൊണ്ടാണ് വൻദുരന്തമൊഴിവായത്. അപകടത്തെ തുടർന്ന് ടാങ്കർട്രാവലറിന് മുകളിലേക്ക് വീഴുകയായിരുന്നു. പിന്നീട് ആണ് പിന്നാലെ വന്ന മറ്റൊരു കാറിനെയും മട്ടന്നൂരിൽ നിന്ന് വരുകയായിരുന്ന എയർപോർട്ടിലെ കാറിനെയും ഇടിച്ചാണ് ടാങ്കർ ലോറി മറിഞ്ഞത്. അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റു. ഇവർ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ തേടി. ലോറി ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാർ (40 ) ആണ് പരിക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.