കൊളച്ചേരി: കഴിഞ്ഞ ദിവസം കൊളച്ചേരി കൊടിപ്പോയിൽ നടന്ന ഇ അഹമ്മദ് സാഹിബ് സ്മാരക ശാഖാ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടന സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും നിരവധി പ്രവർത്തകരുടെ വീടുകളിൽ പാതിരാത്രി ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പി റാഫി എന്ന സ്ഥിരം അക്രമകാരിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ സംസാരിക്കുന്ന ചടങ്ങിനിടയിലേക്ക് ലഹരി മരുന്നുപയോഗിച്ച് മാരകായുധമേന്തി ബഹളമുണ്ടാക്കിയ ഇദ്ദേഹത്തെ സംയമനത്തോടെ സ്ഥലത്തുനിന്നും നീക്കം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരം എന്നോണം പ്രദേശത്തെ പല പ്രവർത്തകരുടെ വീട്ടിലും ഭാര്യവീട്ടിലും ചെന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുമ്പിൽ വച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു .യൂത്ത് ലീഗ് ശാഖാ സെക്രട്ടറി എം.കെ ശിഹാബിൻ്റെ സഹോദരൻ്റെ ഭാര്യവീട്ടിൽ ചെന്ന് ഈ ക്രിമിനൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ശിഹാബിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി പരിക്കേൽപ്പിക്കുകയും അദ്ദേഹത്തിൻ്റെ പുതിയ വാഹനം തല്ലിത്തകർക്കുകയും ചെയ്തു. കാലിന് ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരിക്കയാണ് . പി റാഫി എന്ന ഈ ക്രിമിനലിനെതിരെ ജില്ലയിലെ തന്നെ പല പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, മയക്കുമരുന്ന് കഞ്ചാവ് കടത്ത്, വധശ്രമം തുടങ്ങിയ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പ് കണ്ണൂർ ടൗണിൽ ലോറി ഡ്രൈവറെ കുത്തിക്കൊന്ന കേസിലെ മൂന്നാം പ്രതിയും കൂടിയാണ് ടിയാൻ. ഈ ക്രിമിനൽ കൊളച്ചേരിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ സ്കൂൾ കുട്ടികൾക്കടക്കം വിതരണം ചെയ്യുന്നതായുള്ള ആരോപണം പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ല.
ഇത്തരം കൊടും ക്രിമിനലുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്തതാണ് ഇവർക്ക് വീണ്ടും വീണ്ടും നാട്ടിലിറങ്ങി സൗര്യവിഹാരം നടത്താൻ ഇട നൽകുന്നത്
റാഫി എന്ന ഈ സ്ഥിരം ക്രിമിനലിനെതിരെ "KAAPA" പോലുള്ള ശക്തമായ വകുപ്പുകൾ ചേർത്ത് നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ നടപടികൾക്ക് രൂപം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.