കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുനരുദ്ധാരണം ; എസ്റ്റിമേറ്റ് ഭേദഗതി ചെയ്ത് നടപ്പിലാക്കും - മന്ത്രി റോഷി അഗസ്റ്റിന്‍


കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി സൈറ്റ് കണ്ടീഷന്‍ പുനപരിശോധിച്ച് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി റീ ടെണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവൃത്തി അടിയന്തരമായി നടപ്പിലാക്കണമെന്ന കെ.വി സുമേഷ് എം.എൽ.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. റിബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.70 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. മൂന്ന് തവണ ഇ ടെണ്ടറും ഒരു തവണ ക്വട്ടേഷനും ക്ഷണിച്ചെങ്കിലും കരാറുകാരില്‍ നിന്ന് പ്രതികരണം ലഭ്യമല്ലാത്തതിനാല്‍ മാനുവല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഇതില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 60 ശതമാനം അധികമായതിനാല്‍ അംഗീകാരം നല്‍കാനായില്ല. തുടര്‍ന്നാണ് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്.

റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ കേടുവന്ന സ്റ്റീല്‍ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുക, ഹോയിസ്റ്റിങ് മെക്കാനിസം മാറ്റി സ്ഥാപിക്കുക, തൂണുകള്‍ ബലപ്പെടുത്തുക, ഏപ്രണ്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുക തുടങ്ങിയ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. സിവില്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റില്‍ പല മാറ്റങ്ങള്‍ വരുത്തി 2.40 കോടി രൂപയുടെ സാങ്കേതിക അനുമതി നല്‍കി കരാറുകാരന് കൈമാറ്റം ചെയ്തിരുന്നതാണ്. പൂര്‍ത്തീകരണ കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ സിവില്‍ പ്രവൃത്തികള്‍ റദ്ദ് ചെയ്തു. മെക്കാനിക്കല്‍ വിഭാഗം പ്രവൃത്തികള്‍ മലമ്പുഴ മെക്കാനിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ മേല്‍നോട്ടത്തില്‍ പുരോഗമിച്ചുവരികയാണ്. ആര്‍ സി ബിയുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് പീച്ചിയിലെ കേരള എഞ്ചിനിയറിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിനെ ചുമതലപ്പെടുത്തി. കെ ഇ ആര്‍ ഐ യിലെ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒക്ടോബറില്‍ സ്ഥലപരിശോധന നടത്തി. മണ്ണു പരിശോധനക്കും സ്ട്രക്ചറല്‍ ഇന്‍വെസ്റ്റിഗേഷനുമായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തെ ഇന്‍വെസ്റ്റിഗേഷന്‍ ഫണ്ട് മുഴുവന്‍ വിനിയോഗിച്ചു കഴിഞ്ഞതിനാല്‍ പ്രവൃത്തിക്കായി അധിക തുക കണ്ടെത്തേണ്ടതുണ്ട്. ഫണ്ട് ലഭ്യമായാലുടന്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി നടപ്പാക്കി അതിന്റെ റിപ്പോര്‍ട്ട് പ്രകാരം കാട്ടാമ്പള്ളി പുനരുദ്ധാരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റില്‍ ആവശ്യാനുസരണം ഭേദഗതി വരുത്തി പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

Previous Post Next Post