കൊളച്ചേരി :- ഏറെ വർഷങ്ങൾക്കു ശേഷം വീണ്ടും കനാലുകളിൽ വെള്ളമെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. മുൻകാലങ്ങളിൽ കനാലുകൾ വഴി വെള്ളം ഒഴുകിയെത്തിയത് ഓർത്തെടുക്കുകയാണ് പലരും. മുൻ കാലങ്ങളിൽ അലക്കാനും കുളിക്കാനുമൊക്കെയായി കനാലിലെ വെള്ളം ഉപയോഗിച്ചതിന്റെ ഓർമിച്ചെടുക്കുകയാണ് പഴമക്കാർ.
പഴശ്ശി ജലസേചന പദ്ധതിയുടെ കനാലുകളിൽ കൂടിയുള്ള ജലവിതരണം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ജനുവരി 31നാണ് ടെസ്റ്റ് റൺവേ നടത്തിയത്. ഇതിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കനാലുകളിലൂടെ വെള്ളം എത്തിത്തുടങ്ങി. ആദ്യ ദിനത്തിൽ 13.5 കിലോമീറ്ററും, രണ്ടാം ദിനം 27 കിലോ മീറ്ററും മൂന്നാം ദിനമായ ഇന്നലെ 37.5 കിലോമീറ്ററും വെള്ളം ഒഴുകി.
മയ്യിൽ - കുറ്റ്യാട്ടൂർ പഞ്ചായത്തുകളെലെ വിവിധ ഭാഗങ്ങളിലും കനാലുകളിൽ വഴി വെള്ളം ഒഴുകിയെത്തി. 16 വർഷങ്ങൾക്ക് ശേഷമാണ് പഴശ്ശി കനാലിലൂടെ വെള്ളം എത്തുന്നത്. പഴശ്ശി കനാലിന്റെ ഭാഗമായ കനാലുകളിൽ നവീകരണ പ്രവർത്തനങ്ങളും ശുചീകരണവും നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം വെള്ളം തുറന്നു വിട്ടത്. പദ്ധതി പൂർണ്ണ തോതിൽ നടപ്പായാൽ 11,525 ഹെക്ടർ കൃഷി സ്ഥലത്ത് വെള്ളമെത്തും. പുതിയത് 2022 ലാണ് ആദ്യ ട്രയൽ നടന്നത്. ഇതിൽ 5 കിലോമീറ്റർ മാത്രമാണ് വെള്ളം ഒഴിയത്. 2023 ലാണ് രണ്ടാംട്രയൽ. ഇതുവഴി 12 കിലോമീറ്ററും വെള്ളം ഒഴുകി. ഇത്തവണ ട്രയൽ റണ്ണിൽ മെയിൻ കനാൽ വഴി വെള്ളം ഒഴുകുന്നത് പഴശ്ശി പദ്ധതി മുതൽ പറശ്ശിനിക്കടവ് പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിലാണ്. 2008 നു ശേഷം ആദ്യമായാണ് പറശ്ശിനിക്കടവ് പാലം വരെ വെള്ളം ഒഴുകുന്നത്.
ഇനിയും നിരവധി കനാലുകളിലെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയായാൽ കൂടുതൽ കനാലുകൾ വഴി ഇനിയും എത്തിക്കാനാകും. ഇത്തരത്തിൽ വെള്ളം എത്തുന്നത് കൂടുതൽ ഉപകാരപ്രദമാകുന്നത് കർഷകർക്ക് ആയിരിക്കും. ജലക്ഷാമം രൂക്ഷമാക്കുന്ന സാഹചര്യത്തിന് മുന്നോടിയായി തന്നെ കനാലുകളിൽ വെള്ളം എത്തിയതിന്റെ സന്തോഷത്തിലാണ് കർഷകർ.