നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ രണ്ടു വിദ്യാർഥിനികൾ കരിമ്പുഴയിൽ മുങ്ങിമരിച്ചു


നിലമ്പൂർ :-  കരുളായി വനത്തിൽ നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ വിദ്യാർഥിനികളിൽ 2 പേർ കരിമ്പുഴയിൽ മുങ്ങിമരിച്ചു. കല്ലിങ്ങൽപറമ്പ് എം.എസ്. എം.എച്ച്.എസ്‌.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി പി.വി ആയിഷ റിദ (13), ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുഹ്സിന(11) എന്നിവരാണ് മരിച്ചത്. അധ്യാപകരുടെയും വനപാലകരുടെയും കൺമുന്നിൽ ഇന്നലെ വൈകിട്ട് 6 മണിയോടെ ആയിരുന്നു അപകടം.

വനംവകുപ്പുമായി സഹകരിച്ച് സ്കൂ‌ൾ അധികൃതർ ക്രമീകരിച്ച, സ്കൗട്‌സ് ആൻഡ് ഗൈഡ്‌സിന്റെ പ്രകൃതിപഠന ക്യാംപിനെത്തിയതായിരുന്നു കുട്ടികൾ. 49 വിദ്യാർഥികളും 8 അധ്യാപകരും ഉൾപ്പെട്ട സംഘം ഇന്നലെ നെടുങ്കയം പരിസരം ചുറ്റിക്കാണാൻ ഇറങ്ങി. ഇതിൽ കരിമ്പുഴയിൽ ഇറങ്ങിയ കുട്ടികളിൽ മൂന്നുപേർ കയത്തിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകൻ എം.സി മുബഷിർ ഒരാളെ രക്ഷപ്പെടുത്തി. ബാക്കി രണ്ടുപേർ പിടിവിട്ട് മുങ്ങിത്താഴ്ന്നു. ആറരയോടെ വനംവകുപ്പ് ഡ്രൈവർ സിദ്ദീഖ് അലി ആയിഷയെയും ഫാത്തിമയെയും മുങ്ങിയെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

അബുദാബിയിൽ ജോലി ചെയ്യുന്ന കുറുങ്കാട് കന്മനം പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെയും റസീനയുടെയും മകളാണ് ആയിഷ റിദ. സഹോദരങ്ങൾ : റിൻസിൽ, റിൻഷ.

 പുത്തനത്താണി ചെല്ലൂർ കുന്നത്ത് പീടിയേക്കൽ മുസ്‌തഫയുടെയും ആയിഷയുടെയും മകളാണ് ഫാത്തിമ മുഹ്‌സിന. സഹോദരങ്ങൾ : മുർഷിദ്, മുർഷിദ.

Previous Post Next Post