തിരുവനന്തപുരം :- കുരുമുളക് വില വീണ്ടും താഴേക്ക്. കഴിഞ്ഞ മൂന്നു ദിവസത്തിനിടയിൽ കിലോഗ്രാമിന് 19 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞയാഴ്ച കിലോഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. അൺ ഗാർബിൾഡ് കുരുമുളക് കിലോഗ്രാമിന് 556 രൂപയാണ് ബുധനാഴ്ചത്തെ വില. ഗാർബിൾഡിന് 576 രൂപയായി താഴ്ന്നു. ഇടുക്കിയിൽനിന്നുള്ള കുരുമുളക് വരവ് കൂടിയിട്ടുണ്ട്. വിപണിയിൽ ഡിമാൻഡ് കുറഞ്ഞതും വിലത്തകർച്ചയ്ക്ക് കാരണമായി. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നു കൂടുതൽ മുളക് വിപണിയിലെത്തുന്നുണ്ട്. വയനാട്ടിലും വിളവെടുപ്പ് തുടങ്ങി. കൂടുതൽ ചരക്ക് വിപണിയിലേക്ക് വരുന്നതോടെ വീണ്ടും വില താഴേക്ക് പോകാനാണ് സാധ്യതയെന്ന് കച്ചവടസമൂഹം പറയുന്നു.
വിദേശ രാജ്യങ്ങളിൽനിന്ന് വടക്കേ ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ മുളക് എത്തുന്നുണ്ട്. വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതി തുടരുകയാണ്. ഇതും വില ഇടിവിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളക് ടണ്ണിന് 7,400 ഡോളറാണ് വില. ഇതിൻ്റെ പകുതിയിൽ താഴെ വിലയ്ക്ക് മറ്റ് പല രാജ്യങ്ങളുടെയും കുരുമുളക് വിപണിയിലുണ്ട്. ബ്രസീൽ മുളകിന് 3,800 ഡോളറാണ് വില. വിയറ്റ്നാം മുളക് 3,950 ഡോളറിന് ലഭിക്കും. മഡഗാസ്സറിൽ നിന്ന് ഇപ്പോൾ മുളക് വരുന്നുണ്ട്. 3300 ഡോളറാണ് ആ മുളകിന് വില.
മഡഗാസ്സറിൽനിന്ന് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി തുടങ്ങിയിട്ടുണ്ട്. ഡിസംബറിൽ മൊത്തം 1,416 ടൺ കുരുമുളക് വിവിധ രാജ്യങ്ങളിൽനിന്നായി ഇറക്കുമതി ചെയ്തിട്ടുണ്ട്. വിയറ്റ്നാമിൽനിന്ന് മാത്രം 502 ടൺ മുളക് ഇറക്കുതി ചെയ്തു. ഇറക്കുമതി നിയന്ത്രിക്കാനാകാത്ത താണ് വിലയിടിവിന് പ്രധാന കാരണമെന്ന് ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ഗ്രോവേഴ്‌സ്, ട്രേഡേഴ്‌സ്, പ്ലാന്റേഴ്‌സ് കൺസോർഷ്യം കോ -ഓർഡിസോർ കിഷോർ ശ്യാംജി കുറുവ പറഞ്ഞു.