മയ്യിൽ :- മയ്യിൽ - കമ്പിൽ - കണ്ണൂർ റൂട്ടിലെ ബസ്സുകളുടെ പണിമുടക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ.
ബസ്സ് സമരം അവസാനിപ്പിക്കണം - വ്യാപാരി വ്യവസായി സമിതി, മയ്യിൽ ഏരിയ കമ്മിറ്റി
മയ്യിൽ, കാട്ടാമ്പള്ളി,കണ്ണൂർ റൂട്ടിൽ രണ്ട് ദിവസമായി തുടരുന്ന സ്വകാര്യ ബസ്സ് സമരം സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വ്യാപാരികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയതിനാൽ ആവശ്യമായ ഇടപെടൽ നടത്തി എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം കണ്ട് ബസ്സ് സർവീസ് പുനരാരംഭിക്കുവാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
കമ്പിൽ , മയ്യിൽ റൂട്ടിൽ തുടരുന്ന ബസ് സമരം ; അധികൃതർ മാതൃകാപരമായ നടപടി സ്വീകരിക്കണം - MSF
പന്ന്യങ്കണ്ടി :- കാക്കത്തുരുത്തിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നു ഇന്നലെ മുതൽ നടക്കുന്ന ബസ് സമരം ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വലിയ യാത്ര ദുരിതമാണ് വിതച്ചത് . ഇന്നലെ അധികൃതരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ബസ് സമരം പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും ബസ്സുകൾ ഇന്നും കമ്പിൽ , മയ്യിൽ റൂട്ടിൽ സമരം തുടരുകയാണ് ഈ സന്ദർഭത്തിൽ അധികൃതർ ഇത്തരം ബസുകൾക്കെതിരെ മാതൃകാപരമായ നടപടികൾ കൈക്കൊള്ളണമെന്ന് MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
വിദ്യാർത്ഥികളെ യാത്രാ ദുരിതത്തിലാക്കുന്ന ബസ്സ് സമരം പിൻവലിക്കുക - SFI
മയ്യിൽ - കണ്ണൂർ റൂട്ടിൽ ഓടുന്ന ബസുകളുടെ അനിശ്ചിത കാല ബസ്സ് സമരം വിദ്യാർത്ഥികളെ യാത്രാ ദുരിതത്തിലാക്കുന്നത് ആണ്. പരീക്ഷ സമയത്ത് ഇത്തരത്തിൽ ഉള്ള സമരം വിദ്യാർഥികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്.ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ ഏതാനും ചില തൊഴിലാളികൾ നടത്തുന്ന സമരം പിൻവലിക്കണമെന്ന് SFI മയ്യിൽ ഏരിയാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
ബസ്സുകളുടെ മിന്നൽ പണിമുടക്ക് തുടർന്നാൽ ജനകീയമായി തടയും - എസ്.ഡി.പി.ഐ
കഴിഞ്ഞ ദിവസം നാറാത്ത് കാക്കത്തുരുത്തിയിൽ വെച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിനു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ മിന്നൽപ്പണിമുടക്ക് തുടരുകയാണെങ്കിൽ ബസ്സുകളെ ജനകീയമായി തടയുന്നത് ഉൾപ്പെടെയുള്ള സമരത്തിന് നേതൃത്വംനൽകുമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്‌ദുല്ല നാറാത്ത് പ്രസ്താവിച്ചു. ആയിരക്കണക്കിന് യാത്രക്കാരുള്ള കണ്ണാടിപ്പറമ്പ്- മയ്യിൽ-കാട്ടാമ്പള്ളി-ജില്ലാ ആശുപത്രി റൂട്ടിലാണ് മിന്നൽപണിമുടക്ക് നടത്തിയത്. ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ അംഗീകരിക്കാനാവില്ല. പ്രതികൾക്കെതിരേ പോലിസ് കർശന നടപടി സ്വീകരിക്കണം. എന്നാൽ, ഇതിന്റെ പേരുപറഞ്ഞ് ഇനിയും ബസ് സമരം തുടരാനാണ് ഭാവമെങ്കിൽ അടുത്ത ദിവസം സർവീസ് നടത്താൻ ബസ്സുകളെ അനുവദിക്കില്ല. ജനങ്ങളെ അണിനിരത്തി ബസ് സർവീസ് തടയുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് എസ്‌ഡിപി ഐ നേതൃത്വം നൽകും. മിന്നൽപണിമുടക്ക് കാരണം വിദ്യാർഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ പ്രയാസങ്ങൾക്ക് യാതൊരുവിധ പരിഗണനയും നൽകാതെയുള്ള ബസ് ജീവനക്കാരുടെ നടപടിയെ അംഗീകരിക്കാനാവില്ല. വിഷയത്തിൽ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അബ്ദുല്ല നാറാത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബസ് സമരം പിൻവലിക്കുക - INL
മയ്യിൽ, കണ്ണൂർ റൂട്ടിൽ സാധാരണക്കാരെയും, വിദ്യാർത്ഥികളെയും യാത്രാ ദുരിതത്തിലാഴ്ത്തുന്ന ബസ് സമരം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു സംഘടനകളുടെയും, യൂണിയനുകളുടെയും ആഹ്വാനമോ, അഭ്യർത്ഥനയോ ഇല്ലാതെ ചില തൊഴിലാളികൾ മാത്രം നടത്തുന്ന അനിശ്ചിതകാല ബസ് സമരം പരീക്ഷ നടക്കുന്ന ഈ വേളയിൽ വിദ്യാർത്ഥികളെ വളരെയധികം പ്രയാസപ്പെടുത്തുന്നതാണെന്നും ഇന്ത്യൻ നാഷണൽ ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.