ന്യൂഡൽഹി :- ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് സേനാംഗങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് അഞ്ചുവയസ്സ്. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. അവധി കഴിഞ്ഞ് നാട്ടിൽ നിന്നു മടങ്ങിയ സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിനുനേരേ അവന്തി പുരയ്ക്കടുത്ത് ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റുകയായിരുന്നു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു.
പാക് ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിനു പിന്നിൽ. ഭീകരാക്രമണത്തിനു ശേഷം 12-ാംദിനം ഇതിനു തിരിച്ചടിയായി ഇന്ത്യ പാകിസ്താനെതിരേ ഫെബ്രുവരി 26-ന് ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു.