കണ്ണൂർ :- മിഴാവിൻ്റെ പിഴവിൽ അസാധാരണമായ നടനമൊഴി എഴുതിയ മഹാകവിയാണ് കുഞ്ചൻ നമ്പ്യാർ എന്ന് ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണകേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. നിശിതമായ ഫലിത പരിഹാസങ്ങളിലൂടെ സാധാരണക്കാരുടെ ഭാഷയിൽ കവിത എഴുതിയ കുഞ്ചൻ നമ്പ്യാർ സാമൂഹിക ജീവിതത്തിലെ ജീർണ്ണതയെ, സാമൂഹിക വ്യവസ്ഥയെ ചാരു കേരള ഭാഷ കൊണ്ട് ധന്യമാക്കിയ കവിയാണ്. ഉത്തര കേരള കവിതാ സാഹിത്യ വേദി കണ്ണൂരിൽ സംഘടിപ്പിച്ച മഹാകവി കുഞ്ചൻ നമ്പ്യാർ അനുസ്മരണ സമ്മേളനത്തിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ മാസ്റ്റർ. മഹാകവിയുടെ തുള്ളൽ കവിതകൾ കൂടുതൽ പഠന വിഷയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്ഷര ഗുരു കവിയൂർ രാഘവൻ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ കലാകാരി രതി രവീന്ദ്രനു മാരിവിൽ പുരസ്കാരം സമ്മാനിച്ചു. കെ. ഉമാദേവിയുടെ ഹൃദയത്തിൻ്റെ ഭാഷ എന്ന കാവ്യ സമാഹാരത്തിൻ്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു. ഡോ:എൻ കെ ശശീന്ദ്രൻ, ഗംഗാധരൻമാഹി, നോവലിസ്റ്റ് ശേഖർജി, കെ.പത്മനാഭൻ മാസ്റ്റർ, സുനിൽ മടപ്പള്ളി പ്രസംഗിച്ചു. ആർട്ടിസ്റ്റ് ശശികല സ്വാഗതവും, രമാ ബാലൻ നന്ദിയും പറഞ്ഞു.