ഗുരുവായൂർ :- ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന രണ്ടു കൊമ്പൻമാരെ പാപ്പാൻമാർ ചേർന്ന് ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. പാപ്പാൻമാരുടെ ലൈസൻസ് റദ്ദാക്കി. ആനകളുടെ പരിക്ക് പരിശോധിക്കാൻ വെറ്ററിനറി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ആനക്കോട്ടയിലെത്തും. മൂന്ന് പാപ്പാൻമാരെ ദേവസ്വം ജോലിയിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.
ആനക്കോട്ടയിലെ കൃഷ്ണ, ജൂനിയർ കേശവൻ എന്നീ കൊമ്പൻ മാർക്കാണ് മർദനമേറ്റത്. കുളിപ്പിക്കാൻ കൊണ്ടുവന്നപ്പോൾ പാപ്പാൻമാരുടെ നിർദേശം അനുസരിക്കാത്തതാണ് കാരണമെന്ന് പറയുന്നു. കൃഷ്ണയുടെ ചട്ടക്കാരൻ ശരത്, രണ്ടും മൂന്നും പാപ്പാൻമാരായ വിബിൻ, ഹരി എന്നിവരെയാണ് മാറ്റിയത്. ജൂനിയർ കേശവനെ തൃശ്ശൂരിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരിക്കുന്നതിനാൽ തിരിച്ചു വന്നിട്ടേ അതിൻ്റെ ചട്ടക്കാരനെതിരേ നടപടിയുണ്ടാകൂ. ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവരുന്ന ആനകളെ കെട്ടുന്ന തെക്കേ നടയിലേ ശീവേലിപ്പറമ്പിൽ വെച്ചാണ് മർദനം. കൃഷ്ണയെ വടി കൊണ്ട് തലങ്ങും വിലങ്ങും ആഞ്ഞടിക്കുന്നത് ദൃശ്യത്തിലുണ്ട്. കുളിപ്പിക്കാൻ ക ടത്തിയ സമയത്താണ് ജൂനിയർ കേശവനെ മർദിച്ചത്. ചട്ടക്കാരൻ പി.സി വാസുവാണ് മർദിക്കുന്നതെന്ന് ദൃശ്യത്തിൽനിന്ന് ദേവസ്വം തിരിച്ചറിഞ്ഞിട്ടുണ്ട്. വാലിന്റെ മുകൾഭാഗത്തും വയറ്റിലും ആഞ്ഞടിക്കുകയും കാലിൽ തോട്ടിയിട്ടു വലിക്കുകയും ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്. ഈ സമയം ആന നിലവിളിക്കുന്നതും കേൾക്കാം.
കഴിഞ്ഞ വർഷം ദേവസ്വം റിക്രൂട്ട്മെന്റിലൂടെ ജോലിയിൽ പ്രവേശിച്ചയാളാണ് ശരത്. 18 പേരിൽ ഒന്നാം റാങ്കുകാരനാണിയാൾ. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയിരുത്തിയ ആനയാണ് കൃഷ്ണ. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അവസാനമായി ശീവേലിക്ക് കൊണ്ടുവന്നത്.