വന്ദേഭാരത് എക്സ്പ്രസിൽ മാർച്ച്‌ മുതൽ അരലിറ്റർ കുപ്പിവെള്ളം നൽകും


കണ്ണൂർ :- വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികളിൽ മാർച്ച് ഒന്നു മുതൽ ഒരു ലിറ്ററിനു പകരം അരലിറ്റർ കുപ്പി വെള്ളമാകും (റെയിൽ നീർ) റെയിൽവേ നൽകുക. കൂടുതൽ വേണ്ടവർക്ക് അരലിറ്റർ കൂടി നൽകാനും ഐ.ആർ. സി.ടി.സി നിർദേശിച്ചു. നിലവിൽ വന്ദേഭാരതിൽ നൽകുന്ന ഒരു ലിറ്റർ  വെള്ളം ഭൂരിഭാഗം പേരും അൽപ്പം കുടിച്ച് ബാക്കി ഉപേക്ഷിക്കുകയാണ്. കേരളത്തിലെ ഒരു സർവീസിൽ 100 ലിറ്ററിലധികം 'റെയിൽനീർ' വന്ദേഭാരതിലെ യാത്രക്കാർ കുടിക്കാതെ കളയുന്നുണ്ട്.

ഈ വിഷയത്തിൽ യാത്രക്കാരുടെ അഭിപ്രായമറിയാൻ വണ്ടികളിൽ സർവേ നടത്തിയിരുന്നു. ഭൂരിഭാഗം യാത്രക്കാരും വെള്ളം വെറുതേ കളയാതിരിക്കാൻ ബോട്ടിൽ അളവ് കുറയ്ക്കണമെന്ന ആവശ്യമാണ് രേഖപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വന്ദേഭാരത് എക്സ്പ്രസിൽ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ പണം ജി.എ സ്.ടി അടക്കം റെയിൽവേ ഈടാക്കുന്നുണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്യാത്തവർക്കും സീറ്റിൽ വെള്ളക്കുപ്പി എത്തും. എന്നാൽ പലരും ഇത് ഉപയോഗിക്കാറില്ല. യാത്രക്കാരന്റെ ടിക്കറ്റ് നിരക്കിൽ ഈടാക്കിയ വെള്ളമാണ് ഐ.ആർ.സി.ടി. സി നൽകുന്നതെന്ന് പലരും അറിഞ്ഞിട്ടുമില്ല.

Previous Post Next Post