ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിന് കൊടിയേറി ; ആനയോട്ടത്തിൽ ഒന്നാമതെത്തി ഗോപീകണ്ണൻ


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറി. കൊടിക്കൂറയിലേക്കു ചൈതന്യം ആവാഹിച്ചു പൂജ ചെയ്‌തു തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് രാത്രി സ്വർണധ്വജത്തിൽ കൊടിയേറ്റം നിർവഹിച്ചു. തുടർന്നു ശ്രീഭൂതബലിയും കൊടിപ്പുറത്തു വിളക്കും നടന്നു. സന്ധ്യയ്ക്കു മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടു തന്ത്രിക്ക് കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി.

16 മുളംപാലികകളിൽ 12 ധാന്യങ്ങൾ വിതച്ചു തന്ത്രി മുളയിടൽ ചടങ്ങു നടത്തി. ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും മേളത്തോടെ കാഴ്‌ചശീവേലി, ഉച്ചയ്ക്ക് തിരുമുറ്റത്തും രാത്രി വടക്കേനടയിലും സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു വയ്ക്കൽ, തായമ്പക. തെക്കേനടയിലെ പ്രത്യേക പന്തലിൽ രാവിലെ മുതൽ കഞ്ഞിയും മുതിര ഇടിച്ചക്ക പുഴുക്കും പപ്പടവും ഭക്തർക്ക് നൽകും. രാത്രി ചോറും രസകാളനും ഓലനും പപ്പടവുമാണ് വിഭവങ്ങൾ.

ഉത്സവത്തിന് ആരംഭം കുറിച്ച് നടത്തിയ ആനയോട്ടത്തിൽ കൊമ്പൻ ഗോപീകണ്ണൻ ഒൻപതാം തവണയും ജേതാവായി. തുടക്കം മുതൽ ഒന്നാം സ്‌ഥാനം നിലനിർത്തിയ കൊമ്പൻ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് 7 ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി ഭഗവാനെ വണങ്ങി. ചൊവ്വല്ലൂർ നാരായണവാരിയർ നിറപറ വച്ച് ആനയെ വരവേറ്റു. 10 ആനകളാണുണ്ടായിരുന്നത്. ഉത്സവം കഴിയുന്നതുവരെ ഗോപീകണ്ണനെ ക്ഷേത്രത്തിൽ നിർത്തും. ദിവസവും ശ്രീഭൂതബലിക്ക് എഴുന്നള്ളിക്കും.

Previous Post Next Post